പിൻബെഞ്ചിലുള്ളവർക്ക് വഴങ്ങാറില്ലെന്നു മന്ത്രി രാജീവ്
Thursday, March 13, 2025 12:47 AM IST
തിരുവനന്തപുരം: നിയമസഭയിൽ പിൻബെഞ്ചിൽ അവസാനം വന്ന അംഗങ്ങൾക്ക് വഴങ്ങാറില്ലെന്നു വ്യവസായ മന്ത്രി പി. രാജീവിന്റെ പരാമർശം വിവാദമായി. പരാമർശത്തിനെതിരേ രംഗത്തുവന്ന പി.സി. വിഷ്ണുനാഥ് സഭയിൽ എല്ലാ അംഗങ്ങൾക്കും ഒരേ അവകാശമാണ് നിയമസഭാ ചട്ടങ്ങൾ പ്രകാരം അനുവദിച്ചിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടി.
ധനാഭ്യർഥന ചർച്ചയ്ക്കിടെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് സംബന്ധിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യത്തിനു മന്ത്രി വഴങ്ങിയതിനു പിന്നാലെ മന്ത്രിയും രാഹുലും തമ്മിലുണ്ടായ വാദപ്രദിവാദത്തെ തുടർന്നായിരുന്നു മന്ത്രിയുടെ പരാമർശം.
സാധാരണ പിൻബെഞ്ചിൽ അവസാനം വന്ന ആൾക്കൊന്നും അങ്ങനെ വഴങ്ങാറില്ലെന്നും ചെറുപ്പക്കാരനും യുവജന നേതാവുമാണെന്നു കരുതിയാണ് വഴങ്ങിയതെന്നും പറഞ്ഞ മന്ത്രി; ഇത് ചാനൽ ചർച്ചയല്ല, നിയമസഭയാണ് തെരഞ്ഞെടുക്കപ്പെട്ടവരുടെ വേദിയാണെന്നും അതിന്റേതായ രീതിയും കീഴ്വഴക്കവുമുണ്ടെന്നും പ്രതികരിച്ചു.
ഇതോടെയാണ് ക്രമപ്രശ്നം ഉന്നയിച്ച് പി.സി. വിഷ്ണുനാഥ് രംഗത്തെത്തിയത്. സഭയിൽ ജൂണിയറായ ഒരാൾക്ക് ഒരിക്കലും വഴങ്ങിക്കൊടുക്കാറില്ലെന്നും ചാനൽ ചർച്ചയല്ല ഇതെന്നും പാർലമെന്ററി കാര്യത്തിൽ പ്രഗത്ഭനായ മന്ത്രി രാജീവിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. ഈ പരാമർശം പിൻവലിക്കണമെന്നും തെരഞ്ഞെടുക്കപ്പെട്ട 140 അംഗങ്ങൾക്കും സഭാചട്ടങ്ങൾ ഒരേ അധികാരമാണ് നൽകുന്നതെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
ഈസ് ഓഫ് ഡൂയിംഗ് റാങ്കിംഗ് ഇല്ലെന്നും ഉണ്ടായിരുന്നെങ്കിൽ കേരളം ഒന്നാമതെത്തില്ലായിരുന്നു എന്നുമുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയെക്കുറിച്ച് മന്ത്രി മറുപടി നല്കണമെന്ന ആവശ്യം രാഹുൽ മുന്നോട്ടുവച്ചു.
സാധാരണ ധനാഭ്യർഥന ചർച്ചയിൽ ചോദ്യങ്ങൾക്ക് വഴങ്ങാറില്ലെന്നും മന്ത്രി തയാറായതിനാലാണ് അനുവദിച്ചതെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. അവസരം ലഭിച്ചാൽ അതു ചോദിക്കണമെന്നും മന്ത്രി നൽകിയ മറുപടി തൃപ്തികരമല്ലെങ്കിൽ പുറത്തുപോയി പറയണമെന്നും സ്പീക്കർ വ്യക്തമാക്കി.