മകന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
Thursday, March 13, 2025 12:47 AM IST
കോഴിക്കോട്: മകന്റെ മര്‍ദനത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണമടഞ്ഞു. കുണ്ടായിരത്തോട് സ്വദേശി വളയന്നൂര്‍ ആമാംകുനി ഗിരീഷാ (47)ആണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് മകന് സനല്‍ ഒളിവില്‍പോയി.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സനല്‍ ഗിരീഷിനെ മര്‍ദിച്ചത്. ഗിരീഷിന്റെ ഭാര്യയും സനലും മറ്റൊരു വീട്ടിലാണു താമസം.
ഗിരീഷ് സഹോദരന്മാര്ക്കൊപ്പം തറവാട്ടിലായിരുന്നു താമസിച്ചിരുന്നത്. സനലും ഗിരീഷും തമ്മിലുണ്ടായ വാക്കേറ്റമാണു മര്‍ദനത്തില്‍ കലാശിച്ചത്. കുടുംബപ്രശ്നമാണ് മര്‍ദനത്തിനു കാരണമെന്നാണ് സൂചന. സഹോദരന്മാരുടെ മുന്നില്‍വച്ചായിരുന്നു മര്‍ദനം.
മര്‍ദനമേറ്റ് വീണു തലയ്ക്കു ഗുരുതര പരിക്കേറ്റ ഗിരീഷിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഗിരീഷ് ഇന്നലെ രാവിലെയാണു മരിച്ചത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞദിവസം സനല്‍ പിതാവിനെ കാണാനെത്തിയിരുന്നു. മരണവിവരം അറിഞ്ഞതിനു പിന്നാലെ സനല്‍ ഒളിവില്‍ പോവുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.