ബുധനാഴ്ചകളിൽ ഖാദി-കൈത്തറി വസ്ത്രം ധരിക്കണമെന്ന അഭ്യർഥനയുമായി വീണ്ടും സർക്കാർ
Thursday, March 13, 2025 12:47 AM IST
തിരുവനന്തപുരം: ജീവനക്കാരും എംഎൽഎമാരും എല്ലാ ബുധനാഴ്ചകളിലും ഖാദി-കൈത്തറി വസ്ത്രം ധരിക്കണമെന്ന അഭ്യർഥനയുമായി മന്ത്രി പി. രാജീവ് നിയമസഭയിൽ. എല്ലാവരും ഇത് പാലിച്ചാൽ ഖാദി-കൈത്തറി മേഖലയ്ക്കു ഗുണകരമാകുമെന്നും കെ.പി. മോഹനന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു.
ഏതു വസ്ത്രം ധരിക്കണമെന്നു സർക്കാരിന് ഉത്തരവിലൂടെ നിർദേശിക്കാൻ കഴിയില്ല. എങ്കിലും അഭ്യർഥനയാണിതെന്നും മന്ത്രി രാജീവ് പറഞ്ഞു. 2022ൽ ബുധനാഴ്ചകളിലും അതിനു മുന്പ് ശനിയാഴ്ചയും സർക്കാർ ഓഫീസുകളിൽ ഖാദി-കൈത്തറി വസ്ത്രം ധരിക്കണമെന്ന ഉത്തരവിറക്കിയിരുന്നെങ്കിലും നടപ്പായില്ല.
ഡോക്ടർമാരും നഴ്സുമാരും തങ്ങളുടെ ഓവർകോട്ട് ഖാദിയാക്കണമെന്ന് ആരോഗ്യമന്ത്രിയും അഭ്യർഥിച്ചിട്ടുണ്ട്. ഖാദി ഉത്പന്നങ്ങൾക്കുളള ചരക്കു സേവന നികുതി മുൻകാല പ്രാബല്യത്തോടെ ഒഴിവാക്കണമന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു കത്തു നൽകിയിട്ടുണ്ട്.
1000 രൂപയ്ക്ക് താഴെയുള്ള ഉത്പന്നങ്ങൾക്ക് അഞ്ചു ശതമാനവും അതിനു മുകളിലുള്ള ഉത്പന്നങ്ങൾക്ക് 12 ശതമാനവുമാണ് ജിഎസ്ടി. ഇതു മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ദുബായ്, അബുദാബി മേളകളിൽ ഖാദി ഉത്പന്നങ്ങൾ വൻ വിൽപ്പന നടത്തി.
ജർമനിയിലും വിൽക്കുന്നതിന് സംവിധാനമൊരുക്കി. ഖാദി നൂൽ, നെയ്ത്ത് ഉപകരണങ്ങളുടെ നവീകരണത്തിന് ചെന്നൈ ഐഐടിയുമായി ധാരണാപത്രം ഒപ്പുവച്ചതായും മന്ത്രി അറിയിച്ചു.