വരുമാനപരിധി കൂട്ടി; ‘മാര്‍ഗദീപ’ത്തിനു പരിഹാരമാര്‍ഗമായി
Thursday, March 13, 2025 12:47 AM IST
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പായ മാര്‍ഗദീപം പദ്ധതിക്ക് അപേക്ഷിക്കാനുള്ള വരുമാനപരിധി ഉയര്‍ത്തി.
ഒരു ലക്ഷം രൂപയായിരുന്ന വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ രേഖപ്പടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനാല്‍ നിരവധി കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ നിര്‍ദേശത്തില്‍ മാര്‍ഗദീപത്തിന് അപേക്ഷിക്കാനുള്ള തീയതി 15 വരെ നീട്ടിയിട്ടുണ്ട്.
സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ഥികള്‍ക്കു മാര്‍ഗദീപം സ്കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും പഠിക്കുന്ന സ്കൂളിലാണ് നല്‍കേണ്ടത്. ഒന്നരലക്ഷത്തോളം കുട്ടികള്‍ക്ക് 1500 രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ് പദ്ധതി. സ്കോളര്‍ഷിപ്പ് തുകയുടെ 40 ശതമാനം പെണ്‍കുട്ടികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്.