തദ്ദേശ ഫണ്ട് വെട്ടില്ലെന്നു ധനമന്ത്രി
Thursday, March 13, 2025 12:47 AM IST
തിരുവനന്തപുരം: സംസ്ഥാനം സാന്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന സാഹചര്യത്തിലും സർക്കാരിന്റെ മുൻഗണനാവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽനിന്ന് ഒരു ഫണ്ടും വെട്ടില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. മുൻഗണനാവത്കരണത്തിന് തദ്ദേശ ഫണ്ടുമായി ഒരു ബന്ധവുമില്ല. ഇത്തരം പ്രചാരണം തെറ്റിദ്ധാരണാജനകമാണ്.
തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതവും മെയിന്റനൻസ് ഗ്രാന്റും പൂർണമായി നൽകിയിട്ടുണ്ട്. നടപ്പു സാന്പത്തിക വർഷം അനുവദിച്ച തുക പൂർണമായി ചെലവഴിച്ച പ്രാദേശിക സർക്കാരുകൾക്ക് അധിക തുക പരിഗണിക്കുന്ന വിഷയം സർക്കാർ പരിശോധിക്കുന്നതാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങൾക്കു നീക്കിവച്ച ഫണ്ട് അനുവദിക്കുന്നതിൽ ഒരു നിയന്ത്രണവും ബാധകമല്ല. ഫണ്ടുകൾ അതത് ഹെഡിൽനിന്നുതന്നെ കൃത്യമായി നൽകുന്നു. തദ്ദേശ സ്ഥാപന പദ്ധതി വിഹിതത്തിന് പൊതു പദ്ധതി വിഹിതവുമായി ബന്ധമില്ല.
12 ഗഡു നൽകേണ്ട ജനറൽ പർപ്പസ് ഫണ്ടിൽ ഈ മാസത്തെ ഗഡു ഒഴികെയുള്ളതു നൽകി. കഴിഞ്ഞ സാന്പത്തിക വർഷം സ്പിൽ ഓവർ ആയ ബില്ലുകൾക്കുള്ള തുക നടപ്പു സാന്പത്തിക വർഷത്തെ ഫണ്ടിൽനിന്ന് ചെലവഴിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. സംസ്ഥാന പദ്ധതിയിൽ പട്ടികവിഭാഗ ഘടക പദ്ധതികൾക്കായി നീക്കിവച്ച തുകകളിൽ ഒരു കുറവും വരുത്തിയില്ല. കഴിഞ്ഞ മാർച്ചിൽ വലിയ സാന്പത്തിക ബുദ്ധിമുട്ടാണ് നേരിട്ടത്.
കേന്ദ്രത്തിൽനിന്ന് ഒരു പൈസയും കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. സുപ്രീംകോടതിയിൽ കേസ് നടത്തി കടമെടുക്കാനുള്ള അവകാശം ഉറപ്പാക്കിയതിലൂടെ ലഭിച്ച തുക ഉൾപ്പെടെ ഉപയോഗിച്ച് അന്നു വരെയുള്ള എല്ലാ കുടിശികയും കൊടുത്തു തീർത്തെന്നും മന്ത്രി പറഞ്ഞു.