199 രൂപയ്ക്ക് എ പ്ലസ്! ഓഫറുകളുമായി വീണ്ടും എംഎസ് സൊലൂഷന്‍സ്
Thursday, March 13, 2025 12:47 AM IST
കോഴിക്കോട്: ചോദ്യക്കടലാസ് ചോർത്തിയതുമായി ബന്ധപ്പെട്ട് സിഇഒ ഉള്‍പ്പെടെ അറസ്റ്റിലായിട്ടും വിദ്യാർഥികൾക്കു കൂടുതൽ ഓഫറുകളുമായി എംഎസ് സൊലൂഷൻസ് ട്യൂഷൻ സെന്റർ. 199 രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് ഉറപ്പിക്കാം എന്ന ഓഫറാണു നൽകുന്നത്.
എസ്എസ്എൽസി പരീക്ഷയ്ക്ക് ഉറപ്പായും വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ നൽകുമെന്നാണു വാഗ്ദാനം. എംഎസ് സൊലൂഷൻസിന്റെ പേരിൽ മുഹമ്മദ് ഷുഹൈബിന്റെ ചിത്രം ഉൾപ്പെടെ വച്ചാണ് വാട്സാപ് ഗ്രൂപ്പുകളിൽ പരസ്യം ഷെയർ ചെയ്യുന്നത്.
ഫിസിക്സ്, ഗണിതം, ബയോളജി, കെമിസ്ട്രി, സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് പിഡിഎഫ് രൂപത്തിൽ നൽകുന്നത്. ഇതിനായി ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണം അയയ്ക്കണം. മെയിൽ ഐഡി, ബന്ധപ്പെടാനുള്ള നമ്പർ എന്നിവയും നൽകണം.
മൂവായിരത്തോളം പേരുള്ള എംഎസ് സൊലൂഷൻസിന്റെ വാട്സാപ് ഗ്രൂപ്പിലാണു പുതിയ പരസ്യം വന്നത്.
റിമാൻഡിലായിരുന്ന എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസ് ഓഫിസിലും കുന്നമംഗലത്തെ ബന്ധുവീട്ടിലും എത്തിച്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
ചോദ്യക്കടലാസ് ചോർത്തിയതുമായി ബന്ധപ്പെട്ട് എംഎസ് സൊലൂഷൻസിനെതിരേ ഡിസംബറിൽ കേസെടുത്തെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും ഷുഹൈബ് വീഡിയോയുമായി രംഗത്തെത്തിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ പിന്നീട് യുട്യൂബ് ചാനലിന്റെ പ്രവർത്തനം നിലച്ചിരുന്നു.