വന്യജീവി സംരക്ഷണനിയമ ഭേദഗതി: കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്റ് മാര്‍ച്ച് 27ന്
Thursday, March 13, 2025 12:47 AM IST
കോട്ടയം: 1972ലെ കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരും പാര്‍ട്ടി സംസ്ഥാന നേതാക്കളും 27ന് ഡല്‍ഹിയില്‍ പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും നടത്തും.
മാര്‍ച്ചിനു മുന്നോടിയായി സംസ്ഥാനത്തെ വനാതിര്‍ത്തി പങ്കിടുന്ന 13 ജില്ലകളിലും മലയോര മേഖല യാത്ര സംഘടിപ്പിക്കും.
കേന്ദ്ര വനനിയമം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് വന്യജീവി ആക്രമണത്തിന് ഇരയാകുന്ന ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കുവാന് നിവൃത്തിയില്ല. അതിനാല്‍ വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമപരിരക്ഷ ലഭിക്കണം, ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണകാരികളായി ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുവാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കാനും നിയമ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. ഇതിനായി വനംവന്യജീവി നിയമം കാലോചിതമായി പരിഷ്കരിക്കണം ഈ ആവശ്യങ്ങളും പാര്‍ലമെന്റ് മാര്‍ച്ചിലും മേഖലയാത്രയിലും ഉന്നയിക്കുന്നുണ്ട്.