മറ്റ് സ്വത്തുക്കൾ ഉള്ളവർ ഭൂപതിവ് നിയമപ്രകാരം ഭൂമിക്ക് അർഹരല്ല: ഹൈക്കോടതി
Thursday, March 13, 2025 1:28 AM IST
കൊച്ചി: മറ്റ് സ്വത്തുവകകൾ സ്വന്തമായുള്ളവർ ഭൂപതിവ് നിയമപ്രകാരം ഭൂമി പതിച്ചുകിട്ടുന്നതിന് അർഹരല്ലെന്നു ഹൈക്കോടതി. ചായ, കാപ്പി, റബർ, ഏലം തുടങ്ങിയവയ്ക്കുവേണ്ടി പാട്ടത്തിനു നൽകിയ സർക്കാർ ഭൂമിയിൽ ഭൂമി പതിച്ചുനൽകൽ നിയമപ്രകാരം ഇളവ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഇടുക്കി ദേവികുളം ആനവിരട്ടിയിലെ 99.61 ഏക്കർ പാട്ടഭൂമി പതിച്ചുകിട്ടാനുള്ള സ്വകാര്യവ്യക്തികളുടെ അപേക്ഷ തള്ളിയ റവന്യു വകുപ്പിന്റെ നടപടി ശരിവച്ചാണു ഹൈക്കോടതിയുടെ വിശദീകരണം.
ഏലപ്പാട്ട നിയമപ്രകാരം വർഷങ്ങളായി തങ്ങളുടെ കൈവശമുള്ള ഭൂമി ഭൂപതിവ് നിയമപ്രകാരം പതിച്ചു നൽകണമെന്നാവശ്യപ്പെട്ട് സഹോദരങ്ങളടക്കം ഒമ്പതു പേർ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റീസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
2017ൽ ആനവിരട്ടി വില്ലേജിലെ 99.61 ഏക്കർ സ്ഥലം പതിച്ചുനൽകാനുള്ള ഹർജിക്കാരുടെ അപേക്ഷ തള്ളിയ റവന്യു അഡീ. ചീഫ് സെക്രട്ടറിയുടെ 2018 നവംബറിലെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. തങ്ങൾക്കല്ലാതെ ഭൂമി മറ്റാർക്കും പതിച്ചുനൽകരുതെന്ന് ഉത്തരവിടണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
ഏലം ഭൂമി നിയമപ്രകാരം മുഴുവൻ ഭൂമിയും പതിച്ചുനൽകണമെന്ന ആവശ്യവുമായി ഔസേഫ് വർക്കിയാണ് അപേക്ഷ സമർപ്പിച്ചത്. 1956ൽ ഇദ്ദേഹം മരിച്ചതോടെ ഹർജിക്കാരായ മക്കൾ അപേക്ഷകരായി തുടരുകയായിരുന്നു. അപേക്ഷയിൽ നടപടികളില്ലാതായതോടെ അവകാശവാദവുമായി സിംഗിൾ ബെഞ്ചിനെ സമീപിച്ചു.
സിംഗിൾ ബെഞ്ച് ഉത്തരവ് പ്രതികൂലമായതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഏലപ്പാട്ട നിയമപ്രകാരം ഹർജിക്കാർക്ക് ഭൂമിയിൽ അവകാശമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
രണ്ട് അപേക്ഷ ഔസേഫ് വർക്കി നൽകിയെങ്കിലും1935ലെ നിയമപ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥൻ അവകാശം നൽകിയിട്ടില്ലെന്നും കക്ഷികൾ തമ്മിലുള്ള കരാർ മാത്രമാണു നിലവിലുള്ളതെന്നും കോടതി വ്യക്തമാക്കി.
സുപ്രീംകോടതിയെ സമീപിച്ചിട്ടും ഹർജിക്കാർക്ക് അനുകൂല വിധിയുണ്ടായില്ല.ഹർജി തീർപ്പാക്കുമ്പോൾ ഭൂപതിവ് നിയമപ്രകാരം അപേക്ഷ നൽകുന്നതിൽ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2017ൽ അപേക്ഷ നൽകിയത്.
അപേക്ഷയിൽ തീരുമാനം വൈകിയതോടെ സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും അപേക്ഷ നിയമപരമായി തീർപ്പാക്കാൻ ഉത്തരവിടുകയായിരുന്നു. തുടർന്നാണ് അപേക്ഷ തള്ളി റവന്യു സെക്രട്ടറിയുടെ ഉത്തരവുണ്ടായത്. ഈ നടപടിയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.