ദളിത് ക്രൈസ്തവ സമൂഹത്തെ വിദ്യാഭ്യാസരംഗത്ത് ശക്തീകരിക്കണം: ബിഷപ് ഡോ. പൊന്നുമുത്തന്‍
Thursday, March 13, 2025 12:47 AM IST
പുനലൂര്‍: ദളിത് ക്രൈസ്തവ സമൂഹത്തെ വിദ്യാഭ്യാസരംഗത്ത് ശക്തീകരിക്കണമെന്ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന്റെ നേതൃത്വത്തില്‍ ഡിസിഎംഎസ് രൂപത ഡയറക്ടര്‍മാരെ പങ്കെടുപ്പിച്ച് പുനലൂര്‍ ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ സമൂഹത്തിന് ശാശ്വതമായ പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അതിനായി ദളിത് ക്രൈസ്തവ സമൂഹത്തെ വിദ്യാഭ്യാസ രംഗത്ത് ശക്തീകരിക്കാന്‍ ആവശ്യമായ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും അദേഹം ഡയറക്ടര്‍മാരോട് ആവശ്യപ്പെട്ടു.
കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന് ചെയര്മാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു. പരിവര്‍ത്തന ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ബാബുരാജ്, കമ്മീഷന് സെക്രട്ടറി ഫാ. ജോസ് കുട്ടി ഇടത്തിനകം, ഡിസിഎംഎസ് സംസ്ഥാനപ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ വിവിധ കത്തോലിക്ക രൂപതകളില്‍നിന്നായി 15 ഡയറക്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.