വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണം; നിയമവശം പരിശോധിച്ചു പൂർത്തിയാക്കുമെന്നു മന്ത്രി
Wednesday, March 12, 2025 12:59 AM IST
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റിന്റെ നിർമാണം എത്രയുംവേഗം പൂർത്തിയാക്കുമെന്നു മന്ത്രി എം.ബി. രാജേഷ്. നിയമവശങ്ങൾ പരിശോധിച്ചാകും നിർമാണം പുനരാരംഭിക്കാനുള്ള നടപടിയെന്നും സേവ്യർ ചിറ്റിലപ്പിള്ളിയുടെ സബ്മിഷന് മറുപടിയായി മന്ത്രി നിയമസഭയിൽ അറിയിച്ചു.
റവന്യു വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 2.17 ഏക്കർ സ്ഥലം ലൈഫ് പദ്ധതിയിലെ പാർപ്പിടസമുച്ചയത്തിനായി 2017ൽ വടക്കാഞ്ചേരി നഗരസഭയ്ക്കു കൈമാറി. പാർപ്പിട സമുച്ചയ നിർമാണത്തിന് യുഎഇ റെഡ് ക്രസന്റുമായി 2019ൽ ധാരണയുണ്ടാക്കി.
അവർ യൂണിടാക്കിനെയാണ് നിർമാണ പ്രവർത്തനം ഏൽപ്പിച്ചത്. എന്നാൽ, കോവിഡ് മൂലം നിർമാണം തടസപ്പെട്ടു. പിന്നീട് കേസുമായി ബന്ധപ്പെട്ട് ഇഡി, സിബിഐ അന്വേഷണവുമുണ്ടായി. അതോടെ നിർമാണപ്രവർത്തനം മുടങ്ങി. കേസുകളിൽ അന്തിമതീരുമാനമുണ്ടായിട്ടില്ല.
സംസ്ഥാന വിജിലൻസ് വിദഗ്ധരെ ഉൾപ്പെടുത്തി നടത്തിയ പരിശോധനയിൽ നിർമിതിക്ക് ബലക്കുറവൊന്നുമില്ലെന്നു കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട തുടർ നടപടി പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
യുഎഇ കോണ്‍സുലേറ്റ് ഉൾപ്പെട്ട സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ടു വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റും ഏറെ വിവാദത്തിലായിരുന്നു.