18ന് ഡോക്ടര്‍മാരുടെ ധര്‍ണ
Thursday, March 13, 2025 12:47 AM IST
കോഴിക്കോട്: സംസ്ഥാനത്ത് ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് പ്രക്ഷോഭത്തിലേക്ക്.
18ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനു മുന്നില്‍ ധര്‍ണ സംഘടിപ്പിക്കാന്‍ അസോസിയേഷന് തീരുമാനിച്ചു. ഡോക്ടര്‍മാര്‍ക്കെതിരായ അച്ചടക്കനടപടികളില്‍ പ്രതിഷേധിച്ചുകൂടിയാണ് ധര്‍ണ.
ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ അഞ്ഞൂറോളം ഒഴിവുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒഴിവുകള്‍ നികത്താന്‍ വേണ്ട നടപടികള്‍ ഒന്നും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് അസോസിയേഷന് ചൂണ്ടിക്കാട്ടി.
ഇതുമൂലം സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാര്‍ക്കുമേല്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിഐപി ഡ്യൂട്ടികളില്‍നിന്നു വിട്ടുനിന്നതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരേ പ്രതികാര മനോഭാവത്തോടുകൂടിയുള്ള അച്ചടക്ക നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തീകരിക്കേണ്ട പൊതു സ്ഥലംമാറ്റ നടപടിക്രമങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. മാത്രവുമല്ല ഡോക്ടര്‍മാരുടെ വിവിധ സര്‍വീസ് വിഷയങ്ങളില്‍ ന്യായീകരിക്കാനാവാത്ത കാലതാമസവും പതിവായിരിക്കുകയാണെന്ന് പ്രസിഡന്റ് ഡോ. പി.കെ. സുനില്‍ അറിയിച്ചു.