ഞരമ്പുവേദനയ്ക്കുള്ള ഗുളിക കുട്ടികള്‍ക്ക് ലഹരിമരുന്നായി വിറ്റു
Wednesday, March 12, 2025 2:32 AM IST
കാഞ്ഞങ്ങാട്: ഞരമ്പുവേദനയ്ക്കുള്ള ഗുളിക കുട്ടികള്‍ക്കു ലഹരിമരുന്നായി വിറ്റതായി പരാതി. സംഭവത്തില്‍ പടന്നക്കാട്ടെ പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ഔഷധി ഔട്ട്ലറ്റിനെതിരേ നടപടിക്കു ശിപാര്‍ശ. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് കാഞ്ഞങ്ങാട് എക്സൈസ് ഓഫീസിനു പരാതി ലഭിക്കുന്നത്.
ഇതേത്തുടര്‍ന്ന് എക്സൈസ് സിഐ വി.വി.പ്രസന്നകുമാര്‍, ഡ്രഗ് ഇന്‍സ്പെക്ടര്‍ ഇ.എന്‍. ബിജിന് എന്നിവരുടെ നേതൃത്വത്തില്‍ പടന്നക്കാട് ജന്‍ ഔഷധിയില്‍ സംയുക്ത പരിശോധന നടത്തി. പ്രസ്തുത ഗുളിക സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്നായി വിറ്റെന്നാണു പരാതി.
ന്യൂറോ, ഓര്‍ത്തോ ഡോക്ടര്‍മാര്‍ അസഹ്യമായ ഞരമ്പുവേദനയുള്ളവര്ക്കായി നല്കുന്ന ഗുളികയാണിത്. അപസ്മാര രോഗികള്‍ക്കും ഇതു നല്‍കാറുണ്ട്. സാധാരണ ഒരു മെഡിക്കല്‍ സ്റ്റോറിൽ ഉള്ളതി നേ ക്കാൾ കൂടൽ ഇവര്‍ ഈ വാങ്ങുകയും വില്‍ക്കുകയും ചെയ്തതായും, നിയമം അനുശാസിക്കുന്ന വിധത്തില്‍ ഇതിന്റെ വില്പനരേഖകള് ഇവര്‍ സൂക്ഷിച്ചിട്ടില്ലെന്നും ഡ്രഗ് ഇന്‍സ്പെക്ടര്‍ ഇ.എന്‍. ബിജിന് പറഞ്ഞു.
കൂടാതെ ഡ്രഗ് ആന്‍ഡ് കോസ്മെറ്റിക് ആക്ട് പ്രകാരം വില്പന നടത്തുന്ന മരുന്നുകളുടെ രേഖകള്‍ സൂക്ഷിച്ചുവച്ചിട്ടില്ല. ഏതു ഡോക്ടറാണ് മരുന്നു കുറിച്ചുകൊടുത്തതെന്നതു സംബന്ധിച്ച വിവരങ്ങളും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല.
മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ അസി.ഡ്രഗ്സ് കണ്ട്രോളര്ക്കു റിപ്പോര്‍ട്ട് നല്‍കിയതായി ഡ്രഗ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
72 മണിക്കൂര്‍ വരെ ലഹരി!
കഴിഞ്ഞ പത്തു വര്‍ഷമായി രാജ്യത്താകമാനം ഈ ഗുളിക ലഹരിക്കായി ദുരുപയോഗം ചെയ്യുന്നുണ്ട്. കാപ്സ്യൂള്‍ രൂപത്തിലും ഗുളിക രൂപത്തിലും ഇതു ലഭ്യമാണ്. ആദ്യം കഴിക്കുമ്പോള്‍ 48 മുതല്‍ 72 മണിക്കൂര്‍ വരെ ലഭിക്കുമെന്നു ഫാര്‍മസിസ്റ്റുകള്‍ പറയുന്നു.
ശരീരമാസകലം കുഴയുന്നതുപോലെ തോന്നുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഗുളികയുടെ ദുരുപയോഗം തടയാന്‍ തെലുങ്കാന സര്‍ക്കാര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.