കാർഷികപദ്ധതികൾ വിളയിടം അടിസ്ഥാനപ്പെടുത്തി ആസൂത്രണം ചെയ്യണം: മന്ത്രി പി. പ്രസാദ്
Thursday, March 13, 2025 12:47 AM IST
തിരുവനന്തപുരം: വിള അടിസ്ഥാനപ്പെടുത്തിയല്ല വിളയിടം അടിസ്ഥാനപ്പെടുത്തിയാണു കാർഷിക പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതെന്നു മന്ത്രി പി. പ്രസാദ്. കർഷകരെക്കൂടി കൃഷി ആസൂത്രണത്തിൽ പങ്കാളികളാക്കിയാലേ കാർഷിക മേഖലയ്ക്കു പ്രയോജനകരമാകൂ.
തദ്ദേശ വിഹിതത്തിൽ 30 മുതൽ 41% വരെ ഉത്പാദന മേഖലയ്ക്കാണു നീക്കിവയ്ക്കുന്നത്. ഈ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കായി പ്രോജക്ട് ബാങ്ക് പദ്ധതിയും കൃഷിവകുപ്പു തുടക്കമിടുകയാണ്. ഓരോ തദ്ദേശസ്ഥാപനങ്ങൾക്കും അവരുടെ ഭൂപ്രകൃതിക്കും സാഹചര്യങ്ങൾക്കും അനുയോജ്യമായ പദ്ധതികൾ ഈ ബാങ്കിൽനിന്നു തെരഞ്ഞെടുക്കാം.
കൃഷിയുമായി ആസൂത്രണം നടക്കേണ്ടതു കൃഷിയിടവുമായി ബന്ധപ്പെട്ടാണ്. അല്ലാതെ ആസൂത്രണ ബോർഡിലോ സെക്രട്ടേറിയറ്റിലോ കൃഷി ഡയറക്ടറേറ്റിലോ അല്ല. തദ്ദേശസ്ഥാപനങ്ങൾക്കു മതിയായ പദ്ധതി തയാറാക്കാനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
രാസവളങ്ങൾക്കു വില കുതിച്ചുയരുന്ന സാഹചര്യങ്ങൾ തദ്ദേശീയമായി ജൈവ ജീവാണു വളങ്ങൾ ഉത്പാദിപ്പിക്കുന്നതിനു പദ്ധതി തുടങ്ങി. ഓരോ പ്രദേശത്തും സാധ്യമായ വളങ്ങൾ ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങളാണ് ആലോചിക്കുന്നത്.
കൃഷിവകുപ്പിന്റെ ലാബുകളിൽ ഇവയുടെ ഗുണനിലവാര പരിശോധന നടക്കും. രാസവളത്തിന്റെ വില നിശ്ചയിക്കുന്നതു കേന്ദ്രസർക്കാരാണ്. യൂറിയ ഒഴികെ മറ്റെല്ലാത്തിനും വില വർധിപ്പിക്കുകയാണ്. രാസവളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനു കേരളത്തിൽ രണ്ടു ലാബുകളും കീടനാശിനിയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഒരു ലാബും പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.