വയനാട് ടൗണ്‍ഷിപ്പ് തറക്കല്ലിടൽ 27ന്
Wednesday, March 12, 2025 2:32 AM IST
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി നിർമിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ തറക്കല്ലിടൽ 27നു നടത്തുമെന്ന് റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു.
കൽപ്പറ്റ നഗരസഭയിലെ എൽസ്റ്റണ്‍ എസ്റ്റേറ്റിലാണ് ടൗണ്‍ഷിപ്പ് നിർമിക്കുന്നത്. തറക്കല്ലിടലോടെ നിർമാണപ്രവർത്തനങ്ങളിലേക്കു കടക്കുമെന്നും മന്ത്രി അറിയിച്ചു. ഏഴു സെന്റ് ഭൂമി വീതമുള്ള 430 വീടുകളാണ് എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിർമിക്കുന്ന്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ 32 പേരെ മരിച്ചതായി കണക്കാക്കി മരണസർട്ടിഫിക്കറ്റ് ഇന്നുമുതൽ വിതരണം ചെയ്യും. ദുരന്തത്തെ ത്തുടർന്നു ജീവനോപാധി അടക്കം എല്ലാം നഷ്ടമായ ജീപ്പ് ഡ്രൈവർമാർ അടക്കമുള്ളവരെ പുനരധിവസിപ്പിക്കും.
തുടർചികിത്സ ആവശ്യമായവർക്ക് ചികിത്സ നൽകും. ഇവരുടെ മുഴുവൻ ചികിത്സച്ചെലവും സംസ്ഥാന സർക്കാർ വഹിക്കും. തകർന്ന റോഡുകളും പാലങ്ങളുമടക്കം പുനർനിർമിക്കും. ആറ് ഹെലിപാഡുകൾ നിർമിക്കാൻ പണം അനുവദിച്ചതായും മന്ത്രി രാജൻ പറഞ്ഞു.
ദുരന്തമുണ്ടായി എട്ടു മാസം കഴിഞ്ഞിട്ടും ഗുണഭോക്താക്കളുടെ പട്ടികപോലും തയാറാക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും തയാറാക്കിയ ആദ്യഘട്ട പട്ടികയിൽതന്നെ 43 പരാതികൾ ഇപ്പോഴും നിലനിൽക്കുന്നതായും ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
രണ്ടാംഘട്ട ഗുണഭോക്തൃപട്ടിക പൂർത്തിയാക്കാനായില്ലെന്നും മൂന്നാംഘട്ടപട്ടികയിൽ ഹിയറിംഗ് നടക്കുകയാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ടി. സിദ്ദിഖ് ആരോപിച്ചു. എട്ടു മാസമായിട്ടും പുനരധിവാസ പട്ടിക പൂർത്തിയാക്കാൻ കഴിയാത്തത് സംസ്ഥാന സർക്കാരിന്റെ കടുത്ത അനാസ്ഥ മൂലമാണ്. അവിടുത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുക്കാതിരുന്നതാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിനെ സഹായിക്കാൻ ശ്രമിച്ച പഞ്ചായത്തുകളെ ആക്ഷേപിക്കുന്ന നടപടികളാണു സ്വീകരിച്ചത്. 10 സെന്റ് ഭൂമിയെങ്കിലുമില്ലാതെ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പാക്കരുതെന്നും ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.
ദുരന്തമുണ്ടായി എട്ടു മാസമായിട്ടും വയനാട്ടിലെ ദുരന്തബാധിതരുടെ പട്ടിക തയാറാക്കാൻ സർക്കാരിനു കഴിയാത്തതും പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ കഴിയാത്തതും ഗുരുതര തെറ്റാണെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് എന്തു നടപടിയാണു സ്വീകരിച്ചത്. ദുരന്തബാധിതർക്ക് ചികിത്സാസഹായമോ ജീവനോപാധികളോ കൃഷിസ്ഥലമോ നൽകാതെയാണ് ആറ് ഹെലിപാഡുകൾ പണിയാൻ പണം നൽകിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ തുടങ്ങിയവരും വാക്കൗട്ട് പ്രസംഗം നടത്തി.