കോട്ടയം ക്നാനായ മെത്രാസനമന്ദിരത്തിന് ധന്യസ്മൃതി
Thursday, March 13, 2025 12:47 AM IST
റെജി ജോസഫ്
കോട്ടയം: കോട്ടയം ക്നാനായ കത്തോലിക്കാ മെത്രാസനമന്ദിരം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പാദസ്പര്ശത്താല് ധന്യമായതിന് ശതാബ്ദി വേള. 1925 മാര്‍ച്ച് 15ന് വൈകുന്നേരം അരമനമന്ദിരത്തിലെത്തിയ മഹാത്മജിയെ ബിഷപ് മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ സ്വീകരിച്ചു. മാര്‍ ചൂളപ്പറമ്പിലിനെ സന്ദര്‍ശിക്കാന്‍ ബാപ്പുജി ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ചായിരുന്നു ധന്യമായ ആ കൂടിക്കാഴ്ചയ്ക്ക് ബിഷപ്സ് ഹൗസ് വേദിയായത്.
വൈക്കം സത്യഗ്രഹത്തിന് പിന്തുണയുമായി എത്തിയ മഹാത്മജി കോട്ടയം വഴിയാണ് അവിടേക്കു പോയത്. വൈകുന്നേരം 5.30ന് തിരുനക്കര മൈതാനത്തെ സ്വീകരണസമ്മേളനത്തിനുശേഷം ആറോടെയാണ് അവിടെനിന്നു ഗാന്ധിജി കാറില്‍ മെത്രാസന മന്ദിരത്തിലെത്തിയത്.
മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലും രൂപത പ്രതിനിധികളും മഹാത്മജിയെ പൂമുഖത്ത് കരംകൂപ്പി സ്വീകരിച്ച് രണ്ടാം നിലയിലെ അലങ്കരിച്ചൊരുക്കിയ മുറിയിലേക്ക് ആനയിച്ചു. മകന് രാംദാസ് ഗാന്ധിയും സി. രാജഗോപാലാചാരിയും പേഴ്സണല്‍ സെക്രട്ടറി മഹാദേവദേശായിയും മഹാത്മജിയെ അനുഗമിച്ചിരുന്നു.
പതിനഞ്ചു മിനിറ്റോളം കാലിക പ്രസക്തമായ വിവിധ വിഷയങ്ങള്‍ മാര്‍ ചൂളപ്പറമ്പിലുമായി മഹാത്മജി സ്വകാര്യ ചര്‍ച്ച നടത്തി. സമുദായോദ്ധാരണത്തിനും അധസ്ഥിതരുടെ ഉന്നമനത്തിനും ഗാന്ധിജി പരിശ്രമങ്ങളില്‍ മാര്‍ ചൂളപ്പറമ്പില്‍ അഭിനനന്ദനം രേഖപ്പെടുത്തി.
ഇവിടെനിന്ന് എംടി സെമിനാരി സ്കൂള്‍ മുന്‍ ഹെഡമാസ്റ്ററും ഗാന്ധിയനുമായിരുന്ന കെ.കെ. കുരുവിളയോടൊപ്പം അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്സിലെത്തി. തുടര്‍ന്ന് കഞ്ഞിക്കുഴിയിലെ വിദ്യാര്‍ഥി സംഘത്തിന്റെ നേതൃത്വത്തില്‍ യാചകരുടെ സംരക്ഷണത്തിനായി നടത്തിവന്ന നെയ്ത്തുശാല സന്ദര്‍ശിച്ചപ്പോള്‍ അവിടെ തയാറാക്കിയ ഖദര്‍ വസ്ത്രം ഗാന്ധിജിക്ക് സമ്മാനിച്ചു.
മഹാത്മജി മടങ്ങി വരവേ മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ ബിഷ്പ്സ് ഹൗസിനു മുന്നിലെ പാതയോരത്തെ പ്രവേശന കവാടത്തില്‍ കാത്തുനിന്ന് പ്രതിസന്ദര്‍ശനം നടത്തിയതായും ഇതു സംബന്ധിച്ച പത്രവാര്‍ത്തയില്‍ പരാമര്‍ശമുണ്ട്. ഗാന്ധിജി തിരുനക്കരയില്‍ നാരായണ അയ്യരുടെ വസതിയിലെത്തിയശേഷം രാത്രി ഒന്‍പതോടെയാണ് കാറില്‍ വൈക്കത്തേക്കു പോയത്.
മഹാത്മജി പങ്കെടുത്ത ചങ്ങനാശേരി, കോട്ടയം, വൈക്കം സമ്മേളനങ്ങളും കട്ടയം ബിഷപ്സ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയും ദീപിക വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്കാലത്ത് ആഴ്ചയില്‍ മൂന്നു ദിവസങ്ങളിലാണ് പത്രം പ്രസിദ്ധീകരിച്ചിരുന്നത്.
മഹാത്മജിയുടെ കോട്ടയം ക്നാനായ കത്തോലിക്കാ രൂപത ആസ്ഥാന സന്ദര്‍ശന ശതാബ്ദിയോടനുബന്ധിച്ച് ഗാന്ധിസ്മൃതിയും ഗാന്ധിയന്‍ ദര്‍ശനങ്ങളെക്കുറിച്ച് പ്രഭാഷണവും സംഘടിപ്പിക്കുന്നുണ്ട്.