50,000 കോടി രൂപയുടെ വൈദ്യുതി ഉത്പാദന പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി
Wednesday, March 12, 2025 2:32 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 50,000 കോടി രൂപയുടെ വൈദ്യുതി ഉത്പാദന പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ജലാശയങ്ങളിൽ 6000 മെഗാവാട്ട് വൈദ്യുതോത്പാദനം ലക്ഷ്യമിടുന്ന ഫ്ളോട്ടിംഗ് സോളാർ പദ്ധതി, കേരളത്തിന്റെ വ്യവസായ പുരോഗതിയ്ക്ക് അനിവാര്യമായ ഊർജ ലഭ്യത ഉറപ്പ് വരുത്താനായി ക്യാപ്റ്റീവ് പവർ പ്ലാന്റ് , ഇൻഡിപെൻഡന്റ് പവർ പ്ലാന്റ് മാതൃകകൾ നടപ്പിലാക്കുന്നതും കായംകുളത്ത് എൻടിപിസിയുടെ കൈവശമുള്ള സ്ഥലത്ത് 2000 മെഗാവാട്ട് ഹവർ ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം സ്ഥാപിക്കുന്നതും ഉൾപ്പെടെയാണിത്. കൂടാതെ 110 മെഗാവാട്ടിന്റെ ജലവൈദ്യുതപദ്ധതികളും പൂർത്തിയാക്കും.
കൂടാതെ വൈകുന്നേരങ്ങളിലെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് അനുയോജ്യമായ ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി 500 മെഗാവാട്ട് അവർ ശേഷിയുള്ള ബാറ്ററി സംവിധാനം നടപ്പിലാക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.
ഇതിനു പുറമേ, മറ്റൊരു ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനത്തിനായി 500 മെഗാവാട്ട് ഹവർ ശേഷിയുള്ള ബാറ്ററി സംവിധാനം നടപ്പിലാക്കുന്നതിനുള്ള ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. 135 കോടി രൂപ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്.
വേനൽക്കാലത്തെ വൈദ്യുതി കമ്മി പരിഹരിക്കാൻ പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് 500 മെഗാവാട്ടും ഹിമാചൽപ്രദേശിൽ നിന്ന് 150 മെഗാവാട്ടും കൈമാറ്റകരാർ വ്യവസ്ഥയിൽ കൊണ്ടുവരാൻ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.