പോക്സോ കേസുകള്‍ ഒത്തുതീര്‍പ്പിന്റെ പേരില്‍ റദ്ദാക്കില്ല: കോടതി
Thursday, March 13, 2025 1:28 AM IST
കൊച്ചി: രോഗപരിശോധനയ്ക്കിടെ പെണ്‍കുട്ടിയെ കടന്നുപിടിച്ചതിന് ഡോക്ടര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്നു ഹൈക്കോടതി.
കോഴിക്കോട് സ്വദേശി ഡോ. പി.വി. നാരായണന് നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്. പോക്സോ പോലെ ഗുരുതര സ്വഭാവമുള്ള കേസുകള്‍ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ പേരില്‍ റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
2016 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഡോക്ടറുടെ വസതിയോടു ചേര്‍ന്ന ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നല്ലളം പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ താന്‍ മെഡിക്കല്‍ കോളജിലടക്കം ഉന്നതപദവി വഹിച്ച വ്യക്തിയാണെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
അയല്‍വാസിയായ സ്ത്രീയുടെയും മകളുടെയും സാന്നിധ്യത്തിലാണു പരിശോധിച്ചത്. കുട്ടി വയറുവേദനയുണ്ടെന്ന് അറിയിച്ചതിനാലാണ് ശരീരപരിശോധന നടത്തിയത്. കേസ് പിന്‍വലിക്കുന്നതിനെ അനുകൂലിച്ച് 2024ല്‍ പെണ്‍കുട്ടി സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും വാദിച്ചു.
എന്നാല്‍, ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഇര മുന്‍ നിലപാടില്‍നിന്നു വ്യതിചലിച്ച് പത്രിക നല്കിയതുകൊണ്ടു മാത്രം കേസുകള്‍ റദ്ദാക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.