വന്യമൃഗങ്ങൾ അടുക്കില്ല; ആറളം ഫാമിൽ മലപ്പുറം യുവതയുടെ സുരക്ഷാ കവചം
Thursday, March 13, 2025 1:28 AM IST
ബിജു പാരിക്കാപ്പള്ളി
ഇരിട്ടി: വന്യമൃഗങ്ങളുടെ ആക്രമണത്താൽ പൊറുതിമുട്ടുന്ന ആറളം ഫാമിന് ആശ്വാസമായി എൻജിനിയറിംഗ് ബിരുദധാരികളുടെ പുതിയ കണ്ടുപിടിത്തം. മനുഷ്യജീവനും കൃഷിയും ഭീഷിണി നേരിടുന്ന പ്രദേശത്തെ രണ്ടു യുവാക്കളുടെ കണ്ടുപിടുത്തമാണ് ഇതിനകം ശ്രദ്ധേയമാകുന്നത്. വലിയ ചെലവില്ലാതെ പിവിസി പൈപ്പിനുള്ളിൽ നിർമിച്ചിരിക്കുന്ന ഫാം ഗാർഡ് എന്ന ഉപകരണം വന്യജീവികളെ പ്രതിരോധിക്കാൻ വളരെ ഫലപ്രദമാണെന്നു ഫാം അധികൃതർ ഉൾപ്പെടെ സാക്ഷ്യപ്പെടുത്തുന്നു.
വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് സ്വയം പ്രവർത്തിക്കുന്ന ലൈറ്റും പ്രകാശവും പന്നിയുൾ പ്പെടെയുള്ള വന്യമൃഗങ്ങളെ അകറ്റുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ആറളം ഫാം ആണുങ്ങോട്ടെ മാതൃകാകൃഷിത്തോട്ടത്തിൽ നടത്തിയ ഉപകരണത്തിന്റെ പരീക്ഷണം വിജയകരമായിരുന്നു. രണ്ടു ദിവസം മുന്പ് ആറളം പുനരധിവാസ മേഖലയിൽ ആനകൾ ഏറ്റവും കൂടുതൽ ഇറങ്ങുന്ന കോട്ടപ്പാറ മേഖലയിൽ വനം വകുപ്പും ഫാം ഗാർഡ് വിജയകരമായി പരീക്ഷിച്ചു .
ഫാം ഗാർഡ് മൂന്നു മോഡലുകളിൽ
എൽഇഡി ലൈറ്റും വിവിധ രീതിയിലുള്ള ശബ്ദവും സെൻസർ ഉപയോഗിച്ച് പിവിസി പൈപ്പിനുള്ളിൽ പ്രവർത്തിക്കുന്ന ചെറിയൊരു ഉപകരണമാണു ഫാം ഗാർഡ്. കണ്ടാൽ ചെറുതെങ്കിലും ശബ്ദം കേട്ടാൽ എല്ലാവരും ഒന്നു ഭയക്കും. സെൻസറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണം 14 മീറ്ററിനുള്ളിലെ ഏതൊരു ചലിക്കുന്ന വസ്തുവിനെയും തിരിച്ചറിഞ്ഞ് അലാറം പുറപ്പെടുവിക്കും .
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണം ഒറ്റ ചാർജിംഗിൽ 15 മുതൽ 30 ദിവസം വരെ പ്രവർത്തിക്കും. വന്യജീവിയെ മാത്രമല്ല സെൻസറിന്റെ പരിധിയിൽ വരുന്ന എന്തിനെയും കണ്ടെത്തി മുന്നറിയിപ്പു നൽകും. വീടുകളിൽ ഉൾപ്പെടെ ഒരു സുരക്ഷാ ഉപകരണമായി ഫാം ഗാർഡ് ഉപയോഗിക്കാമെന്നാണു നിർമാതാക്കൾ പറയുന്നത് .
ഫാം ഗാർഡിന്റെ മൂന്നു മോഡലുകളാണ് ഇപ്പോൾ രംഗത്തിറക്കിയിരിക്കുന്നത്. ഒരു മോഡൽ രാത്രികാലങ്ങളിൽ മാത്രമാണു പ്രവർത്തിക്കുക. രണ്ടാമത്തേത് രാത്രിയും പകലും പ്രവർത്തിക്കും. മൂന്നാമ ത്തെ മോഡലാണ് ഏറ്റവും അഡ്വാൻസ്ഡ്. കാമറയുടെ സഹായത്തോടെ വന്യജീവികളെ തിരിച്ചറി ഞ്ഞ ശേഷമാണ് ഈ മോഡൽ വർത്തിക്കുക. ഒപ്പം മൃഗങ്ങളുടെ ഫോട്ടോ ഉൾപ്പെടെ അയച്ചുതരും. ആനയ്ക്കും പുലിക്കുമെല്ലാം വ്യത്യസ്ത ശബ്ദങ്ങളാണ് ഉപകരണം പുറപ്പെടുവിക്കുന്നത്.
മലപ്പുറംകാരുടെ ബുദ്ധി
മലപ്പുറം സ്വദേശികളും എൻജിനിയറിംഗ് ബിരുദധാരികളായ വി.വി. ജിഷോയ്, പി.വി. ശ്രീദേവ് എന്നിവരാണ് ഉപകരണം കണ്ടുപിടിച്ചത്. ആറളം ഫാമിലെ വന്യജീവികളുടെ ആക്രമണം കേട്ടറിഞ്ഞ ഇവർ തങ്ങളുടെ ഉപകരണം പരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ഇതാണെന്നു കൂടി തിരിച്ചറിഞ്ഞാണ് ഫാം അധികൃതരെ സമീപിക്കുന്നത്. 7,000 രൂപ മുതലാണ് ഉപകരണത്തിന്റെ വില . ഉപകരണം സ്ഥാപിക്കുന്നത് ഉൾപ്പെടെ എല്ലാം വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ജോലിയാണ്.
പകൽ സമയത്ത് സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റി വയ്ക്കാൻ കഴിയുമെന്നത് ഉപകരണത്തിന്റെ മറ്റൊരു സവിശേഷതയാണ്. കഴിഞ്ഞ രണ്ടാഴ്ചത്തെ പരീക്ഷണം പൂർണ വിജയമാണെന്നാണ് സെക്യൂ രിറ്റി ഓഫീസറടക്കം പറയുന്നത്.
വന്യജീവി ഉൾപ്പെടെയുള്ളവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് കൃത്യമായി മുന്നറിയിപ്പ് നല്കാൻ കഴയുന്നതുകൊണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് സ്ഥലത്ത് എത്താൻ കഴിയുന്നു. മാത്രമല്ല കള്ളന്മാരുൾപ്പെടെ അനധികൃതമായി പ്രദേശത്തേക്ക് ആരെങ്കിലും എത്തിയാലും ഉപകരണം മുന്നറിയിപ്പ് നൽകും. ഇതുവഴി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൃത്യമായ മുൻകരുതൽ സ്വീകരിക്കാൻ കഴിയും.
അണുങ്ങോട് മേഖലയിൽ ആനശല്യം ഒഴിഞ്ഞു
ആറളം ഫാമിന്റെ മാതൃകാകൃഷിത്തോട്ട മേഖലയായ അണുങ്ങോട് മേഖലയിലെ 100 ഏക്കർ വരുന്ന കൃഷിത്തോട്ടത്തിന്റെ സോളാർ വേലി മുപ്പതിലധികം തവണയാണ് ആന തകർത്തത്. വേലിയുടെ തൂൺ ചവിട്ടി തകർത്താണ് ആന അകത്തു കടന്നിരുന്നത്.
എന്നാൽ രണ്ടാഴ്ച മുന്പ് ജിഷോയ്, ശ്രീദേവ് എന്നിവർ ചേർന്ന് ഫാം ഗാർഡ് ഉപകരണം സ്ഥാപിച്ചതോടെ വരുന്ന ആനപോലും പേടിച്ച് തിരിച്ചോടുകയാണ്.
ശക്തിയേറിയ എൽഇഡി ലൈറ്റും ശബ്ദവും പന്നിയടക്കമുള്ള ജീവികളെ ഓടിക്കുന്നു. ഉപകരണ ത്തിന്റെ പരീക്ഷണം വിജയം കണ്ടതോടെ ഫാം കൃഷിയിടത്തിൽ ഇവ സ്ഥാപിക്കാനുള്ള ആലോചന യിലാണ് ഉന്നത അധികാരികൾ. വന്യജീവി ആക്രമണത്തിൽ ആളുകൾ മരിച്ചുവീഴുന്ന ആറളം പുനരധിവാസ മേഖലയിലും ഫാം ഗാർഡ് ഉപകാരപ്രദമായിരിക്കും എന്നു പ്രതീക്ഷിക്കാം.