പാതിവില തട്ടിപ്പ്; ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Wednesday, March 12, 2025 2:32 AM IST
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടി.
തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത ആനന്ദകുമാറിന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ ത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. ഇവിടെവച്ചാണ് ക്രൈബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവാറ്റുപുഴയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
പാതിവില തട്ടിപ്പ് കേസിൽ പണം ലഭിച്ചത് ട്രസ്റ്റിനാണെന്നും വ്യക്തിപരമായി തനിക്കു ബന്ധമില്ലെന്നും ആനന്ദകുമാർ മുൻകൂർ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ആനന്ദകുമാറിന് ഉണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്.