ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
Thursday, March 13, 2025 12:47 AM IST
കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഗര്‍ഭാശയം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ കുടലിനു മുറിവേറ്റ് വീട്ടമ്മ മരിച്ചു. പേരാമ്പ്ര പന്തിരിക്കര വാഴയില്‍ വിലാസിനി (57)ആണു മരിച്ചത്. ചികിത്സാപ്പിഴവിനെത്തുടര്‍ന്നാണ് മരണമെന്ന് വിലാസിനിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പേരാമ്പ്ര പോലിസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ 5.25 നാണു മരണം. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഒപിയില്‍ ചികിത്സതേടിയ വിലാസിനിയെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഈ മാസം നാലിനാണു ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഏഴിന് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ഗര്‍ഭാശയവും അണ്ഡാശയങ്ങളും നീക്കം ചെയ്തു.
ശസ്ത്രക്രിയയ്ക്കിടെ വിലാസിനിയുടെ കുടലിനു ചെറിയ മുറിവ് പറ്റിയതായും തുന്നലിട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് എട്ടിന് വാര്‍ഡിലേക്കു മാറ്റി. ഞായറാഴ്ച മുതല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കട്ടിയുള്ള ആഹാരം നല്കി. ഇതിനുശേഷം വയറുവേദന കൂടി.
ഡോക്ടര്‍മാരെ വിവരം അറിയിച്ചപ്പോള്‍, ഗ്യാസ്ട്രബിള്‍ കാരണമാകാമെന്നു പറഞ്ഞ് മരുന്നു നല്‍കിയെന്നാണു ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍, വേദന കഠിനമായതോടെ ഐസിയുവിലേക്കു മാറ്റി. കുടലില്‍ മുറിവുണ്ടായ സ്ഥലത്ത് അണുബാധയാണെന്നും ഈ ഭാഗം മുറിച്ചുകളയണമെന്നുമാണു ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്.
അതിനാല്‍ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടര്‍മാര്‍ അറിയിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കുശേഷം രോഗിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റി.
അണുബാധ കരള്‍, വൃക്ക എന്നീ അവയവങ്ങളെ ഉള്‍പ്പെടെ ബാധിച്ചുവെന്ന വിവരമാണു പിന്നീട് ബന്ധുക്കള്‍ക്കു ലഭിച്ചത്. സ്വകാര്യ ആശുപത്രിയിലേക്കു മാറ്റണമെന്ന് അറിയിച്ചിട്ടും ഡോക്ടര്‍മാര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
കുടലിന് പറ്റിയ മുറിവ് കൃത്യമായി ചികിത്സിക്കാത്തതാണ് ആരോഗ്യസ്ഥിതി മോശമാകാനും മരണം സംഭവിക്കാനും കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.