കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനെ മാറ്റിയ സംഭവം: റിപ്പോർട്ട് ലഭിച്ചാൽ നടപടിയെന്നു മന്ത്രി
Thursday, March 13, 2025 12:47 AM IST
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ നടത്തി കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ നിയമിച്ച വ്യക്തിയെ തസ്തിക മാറ്റിയ വിഷയത്തിൽ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടന്നും ലഭിക്കുന്നതിന് അനുസരിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു. എ.പി. അനിൽകുമാറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ദേവസ്വം നിയമനുസരിച്ചു സർക്കാർ നിയമിച്ച കഴകക്കാരനെ മാറ്റി നിയമിച്ചത് ദേവസ്വം പ്രസിഡന്റല്ല, അഡ്മിനിസ്ട്രേറ്ററാണ്. ഓഫീസ് അറ്റൻഡന്റ് ജോലിയിലേക്ക് മാറ്റിനൽകിയ അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ വിശദീകരണം തേടാൻ റവന്യു (ദേവസ്വം) സ്പെഷൽ സെക്രട്ടറിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു നടപടി സ്വീകരിക്കും.
കൂടൽമാണിക്യം ദേവസ്വം ആക്ടും റെഗുലേഷനും പ്രകാരം ക്ഷേത്രത്തിലെ കഴകം ജോലി നിർവഹിക്കുന്നതിനു വ്യക്തമായ നിർദേശങ്ങളും ഉത്തരവുകളുമുണ്ട്.
കഴകം തസ്തികയിലേക്ക് പാരന്പര്യമായി തന്ത്രി നിർദേശിക്കുന്നയാളെയും നേരിട്ടുള്ള നിയമനം വഴി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖേനയും നിയമിക്കാമെന്നാണ് വ്യവസ്ഥ.
തന്ത്രിമാരുടെ നിർദേശമനുസരിച്ച് താത്കാലികക്കാരെ നിയമിക്കുകയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ചെയ്യുന്നത്. രണ്ടാമത്തെ കഴകം തസ്തികയിലേക്ക് 2025 ഫെബ്രുവരി 24ന് റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമിതനായ വ്യക്തി കഴകം ജോലിചെയ്യുന്നതിൽ തന്ത്രിമാർ വിയോജിപ്പ് അറിയിച്ചു.
റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമിക്കപ്പെട്ട വ്യക്തി നിഷ്കർഷിച്ച ജോലി നിർവഹിക്കണമെന്നാണ് സർക്കാർ നിലപാട്. ഇതനുസരിച്ച നടപടി സ്വീകരിക്കുമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാനും വ്യക്തമാക്കിയിട്ടുണ്ടന്നു മന്ത്രി പറഞ്ഞു.