കശുമാങ്ങ ഉപയോഗിച്ച് ഫെനി ഉത്പാദിപ്പിക്കാൻ പദ്ധതി: മന്ത്രി വാസവൻ
Thursday, March 13, 2025 12:47 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ കശുമാങ്ങ ഉപയോഗിച്ച് ഫെനി ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായുള്ള പദ്ധതികൾ വരുന്നു.നിയമസഭയിൽ സഹകരണ മന്ത്രി വി.എൻ. വാസവനാണ് ഇക്കാര്യം അറിയിച്ചത്.
മലബാറിൽ വ്യാപകമായി ലഭിക്കുന്ന കശുമാങ്ങ ഉപയോഗിച്ച് ഫെനി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. കേരളത്തിൽ ലഭിക്കുന്ന കശുമാങ്ങയിൽനിന്നും ഒരു വർഷം 16 ലക്ഷം ലിറ്റർ ഫെനി ഉത്പാദിപ്പിക്കാൻ സാധിക്കും.
നിലവിൽ ഒരു ലിറ്റർ ഫെനിക്ക് 850 മുതൽ 1000 രൂപ വരെ വിലയുണ്ട്. ഇപ്രകാരം ഒരു വർഷം 160 കോടി രൂപ വരവ് ഉണ്ടാക്കുന്നതിന് സാധിക്കും. കർഷകരെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.