ഇന്നു ലോക വൃക്ക ദിനം : ജീവന്റെ കാവലാളായി ജോയി ജോസഫ്; വൃക്കദാനം മൂന്നരപ്പതിറ്റാണ്ടുമുന്‍പ്
Thursday, March 13, 2025 12:47 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: കാലത്തിനു മുന്‍പേ സഞ്ചരിക്കുന്നവരാണ് മഹദ് വ്യക്തികൾ. അവയവദാനത്തിന് കാര്യമായ പ്രചാരം ഇല്ലാതിരുന്ന കാലത്ത് സ്വന്തം സഹോദരന് വൃക്ക നൽകി കരുണയുടെയും കരുതലിന്റെയും സന്ദേശം നൽകാൻ കഴിഞ്ഞതിന്റെ സന്തോഷം കരിമണ്ണൂർ സ്വദേശിയായ അത്തിക്കൽ ജോയി ജോസഫിന്റെ മനസിൽനിന്ന് ഇന്നും മാഞ്ഞിട്ടില്ല. മൂന്നര പതിറ്റാണ് മുന്‍പാണ് തന്റെ സഹോദരനും പാലാ ചെറുപുഷ്പം ആശുപത്രിയിലെ സർജനുമായിരുന്ന ഡോ. വിൻസെന്റ് ജോസഫിന് തന്റെ വൃക്കകളിൽ ഒന്ന് ദാനം ചെയ്തത്.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിരലില്ലെണ്ണാവുന്നതുമാത്രമായിരുന്നു അന്നു നടന്നിരുന്നത്. 34 വയസ് മാത്രമായിരുന്നു അന്ന് ജോയിക്ക്. തന്റെ ഇളയകുട്ടിക്ക് രണ്ടരവയസുണ്ടായിരുന്നപ്പോഴായിരുന്നു സർജറി. നാല് സഹോദരങ്ങളും മൂന്നു സഹോദരിമാരുംഅടങ്ങുന്നതാണ് ജോയി ജോസഫിന്റെ കുടുംബം.
പരിശോധനയിൽ തന്റെ വൃക്ക സഹോദരന് ചേരുമെന്ന് കണ്ടെത്തിയതോടെ രണ്ടാമതൊന്ന് ആലോചിച്ചില്ല. സമ്മതം അറിയിച്ചതോടെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലായിരുന്നു ശസ്ത്രക്രിയ. തുടർന്നു ഒരാഴ്ച ആശുപത്രിയിൽ കഴിയേണ്ടി വന്നു.
ഇപ്പോൾ 74 വയസായി. അന്നുമുതൽ ഇന്നുവരെ ആരോഗ്യപ്രശ്നങ്ങൾ അൽപം പോലും അലട്ടിയിട്ടില്ല. ഇപ്പോഴും കൃഷികാര്യങ്ങളിൽ വ്യാപൃതനാണ്. താൻ വൃക്ക നൽകിയ സഹോദരൻ ഇന്നു ജീവിച്ചിരിപ്പില്ല എന്ന ദുഃഖംമാത്രമാണ് തനിക്കുള്ളത്.
ശസ്ത്രക്രിയയ്ക്കു ശേഷം ഒന്നര വർഷംകഴിഞ്ഞപ്പോൾ ഹൃദയാഘാതം മൂലം മരണമടയുകയായിരുന്നു. ആതുരശുശ്രൂഷാരംഗത്ത് പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അക്കാലത്ത് ജർമനിയിലാണ് മെഡിക്കൽ പഠനം പൂർത്തീകരിച്ചത്. തുടർന്ന് പാലാ ചെറുപുഷ്പം ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
അവയവദാനം ഏറെ മഹത്തരമാണെന്നും ഈ പുണ്യകർമത്തിന് ധാരാളം പേർ കടന്നുവരണമെന്നും അതുവഴി അനേകർക്ക് ജീവനും ആരോഗ്യവും ലഭിക്കാൻ ഇടയാകട്ടെയെന്നുമാണ് ജോയി ജോസഫിന്റെ പ്രാർഥന. കിഡ്നി ഫൗണ്ടേഷൻ ചെയർമാനായ ഫാ.ഡേവിസ് ചിറമ്മൽ ഉൾപ്പെടെയുള്ളവർ വൃക്കദാനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി നാടെങ്ങും സഞ്ചരിച്ചത് വർഷങ്ങൾക്കു ശേഷമാണ്.
എന്നാൽ വർഷങ്ങൾക്കുമുന്‍പ് ആരും പറയാതെ ഈ പുണ്യകർമത്തിന് തുടക്കമിടാൻ കഴിഞ്ഞു എന്നതിലാണ് ജോയി ജോസഫിന്റെ മഹത്വം. ഭാര്യ മോളി. ബെറ്റ്സി (യുഎസ്എ), ബെറ്റ്സണ്‍ (ഐടി, എറണാകുളം), വിൻസെന്റ് (ഐടി, ബംഗളൂരു) എന്നിവരാണ് മക്കൾ.
വൃക്ക സംരക്ഷണത്തിനുള്ള നിയമങ്ങൾ
ആരോഗ്യത്തോടെയിരിക്കുക, സജീവമായിരിക്കുക
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
നിങ്ങളുടെ രക്തത്തിലെ പഞ്ചസാര പരിശോധിച്ച് നിയന്ത്രിക്കുക
രക്തസമ്മർദം പരിശോധിച്ച് നിയന്ത്രിക്കുക
ആവശ്യത്തിന് ദ്രാവകം കഴിക്കുക
പുകവലിക്കരുത്
വേദനസംഹാരി ഗുളികകൾ പതിവായി കഴിക്കരുത്.
പ്രമേഹം, രക്താതിമർദം അല്ലെങ്കിൽ പൊണ്ണത്തടി പോലുള്ള ഉയർന്ന അപകടസാധ്യതാ ഘടകങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ വൃക്കകളുടെ പ്രവർത്തനം പരിശോധിക്കുക.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. സോനു മാനുവൽ
കണ്‍സൾട്ടന്റ് നെഫ്രോളജിസ്റ്റ്
സെന്റ് മേരീസ് ഹോസ്പിറ്റൽ, തൊടുപുഴ