ബിജെപി പ്രവർത്തകർ തുഷാര്‍ഗാന്ധിയെ തടഞ്ഞു
Thursday, March 13, 2025 1:28 AM IST
നെയ്യാറ്റിന്‍കര : രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ന്നിരിക്കുന്നുവെന്നും അതിനെതിരേ നാം ജാഗ്രത പുലർത്തണമെന്നും മഹാത്മാഗാന്ധിയുടെ ചെറുമകന് തുഷാര്‍ഗാന്ധി. ആര്‍എസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച തുഷാര്ഗാന്ധിക്കെതിരേ നഗരസഭാ ബിജെപി കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവർ പ്രതിഷേധിച്ചു.
മുതിർന്ന ഗാന്ധിയനും ഗാന്ധിസ്മാരക നിധിയുടെയും സേവാഗ്രാം ആശ്രമത്തിന്റെയും ചെയർമാനുമായിരുന്ന പി. ഗോപിനാഥൻനായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയതായിരുന്നു തുഷാര്‍ ഗാന്ധി.
തുടര്‍ന്നു ചേര്‍ന്ന ചടങ്ങില്‍ ദണ്ഡി യാത്രയുടെയും ഉപ്പുസത്യാഗ്രഹത്തിന്റെയും വാർഷികാചരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സമ്മേളന വേദിയില്‍നിന്ന് വാഹനത്തിലേയ്ക്ക് വരുന്നതിനിടയിലാണ് ബിജെപി കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷിന്റെയും നേതാവ് കൃഷ്ണകുമാറിന്റെയും നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞത്.
ബിജെപിക്കും ആര്എസ്എസിനുമെതിരേയുള്ള പരാമര്‍ശം പിന്‍വലിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന അദ്ദേഹത്തിന്റെ പ്രതികരണം അറിഞ്ഞതോടെ ബിജെപി പ്രവര്‍ത്തകര്‍ തുഷാര്‍ ഗാന്ധിക്കെതിരേ മുദ്രാവാക്യം മുഴക്കി.
ഗാന്ധിജി അനുകൂല മുദ്രാവാക്യം ഉറക്കെ വിളിച്ച് തുഷാര്‍ ഗാന്ധി പ്രവര്‍ത്തകരെ മറികടന്നു കാറിലേക്കു കയറി. ഡോ. എന്‍ രാധാകൃഷ്ണനും അഡ്വ. ബി. ജയചന്ദ്രന്നായരും ഇടപെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കാന്‍ ശ്രമിക്കുകയും തുഷാര്‍ ഗാന്ധിയെ യാത്രയാക്കുകയും ചെയ്തു.