ചക്കിട്ടപാറ പഞ്ചായത്തിൽ വന്യജീവികളെ കൊല്ലല്‍ ; തീരുമാനത്തില്‍നിന്നു പിന്നോട്ടില്ല, വനംവകുപ്പിന്റെ നീക്കത്തെ നേരിടും
Thursday, March 13, 2025 12:47 AM IST
പേരാമ്പ്ര: നാട്ടിലിറങ്ങുന്ന വന്യജീവികളെ വെടിവച്ചുകൊല്ലാനായി ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനത്തിനെതിരേ വനംവകുപ്പ് ഉയര്‍ത്തിയിരിക്കുന്ന എതിര്‍പ്പുകള്‍ നിയമപരമായി നേരിടുമെന്നും ജനങ്ങളുടെ സുരക്ഷാർഥം തീരുമാനത്തില്‍നിന്നു പിന്നോട്ടില്ലെന്നും പഞ്ചായത്ത് കെ. സുനില്‍.
വന്യജീവി ശല്യത്താല്‍ പൊറുതിമുട്ടിയതിനെത്തുടര്ന്ന് കഴിഞ്ഞയാഴ്ചയാണ് പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്ന് സുപ്രധാന തീരുമാനമെടുത്തത്. ശല്യക്കാരായ കാട്ടുപന്നികളെ മാത്രം വെടിവച്ചുകൊല്ലാനാണ് നിലവില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍, ചക്കിട്ടപാറ പഞ്ചായത്തില്‍ വന്യജീവി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ നാട്ടിലിറങ്ങി ഭീഷണി സൃഷ്ടിക്കുന്ന എല്ലാ വന്യജീവികളെയും വെടിവച്ചുകൊല്ലാനുള്ള തീരുമാനമാണ് ഭരണസമിതി എടുത്തത്. ഈ തീരുമാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ച്, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിനുള്ള ഓണററി വൈല്‍ഡ്ലൈഫ് വാര്ഡന് പദവി റദ്ദാക്കാനാണു വനംവകുപ്പിന്റെ നീക്കം.
കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനായി വനംവകുപ്പ് നിലവില്‍ തദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്ക്ക് ഓണററി വൈല്‍ഡ് ലൈഫ് വാര്ഡന് പദവി നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ ഓണററി പദവി റദ്ദാക്കാന്‍ വനംവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
കാട്ടില്‍നിന്നും നാട്ടിലിറങ്ങുന്ന വന്യജീവികളെ കൊല്ലാനുള്ള ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ ഐകകണ്ഠേ്യനയുള്ള മുന്‍ തീരുമാനത്തില്‍നിന്നു പിന്നോട്ടില്ലെന്നും ഇന്നു നടക്കുന്ന ഭരണസമിതി യോഗം ഇതുമായി ബന്ധപ്പെട്ട് അനുബന്ധ തീരുമാനങ്ങളെടുക്കുമെന്നും കെ. സുനില്‍ പറഞ്ഞു.
പ്രത്യേക പദവിയില്‍ നിന്നു ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റനെ ഒഴിവാക്കണമെന്ന വനം ഉദ്യോഗസ്ഥന്റെ ശിപാര്‍ശ നിയമ വിരുദ്ധമാണ്. ഹൈക്കോടതിയില്‍ ഇതിനെ ചോദ്യം ചെയ്യുന്നതോടൊപ്പം മലയോര കര്‍ഷകരെ സംഘടിപ്പിച്ചു പ്രക്ഷോഭവും നടത്തും.
വന്യജീവി ആക്രമണ വിഷയത്തില്‍ വനംവകുപ്പ് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനു പകരം പ്രതികരിക്കുന്ന പഞ്ചായത്തുകള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുന്നതു ശരിയല്ല. 20 പേര് അടങ്ങുന്ന എം പാനല്‍ ഷൂട്ടര്‍മാരുടെ യോഗവും ഇന്ന് പഞ്ചായത്തില്‍ ചേരുമെന്നും കെ. സുനില്‍ പറഞ്ഞു.