കാട്ടുപന്നിയെ കൊല്ലാൻ തദ്ദേശ അധ്യക്ഷർക്കു നൽകിയ അധികാരം പിൻവലിച്ചേക്കും
Thursday, March 13, 2025 1:28 AM IST
പത്തനംതിട്ട: കാട്ടുപന്നിശല്യം രൂക്ഷമായ മേഖലകളിൽ അവയെ കൊല്ലാൻ ഉത്തരവിടാൻ തദ്ദേശ സ്ഥാപന അധ്യക്ഷർക്കു നൽകിയിരുന്ന ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാൻ വനംവകുപ്പ്.
രണ്ടുവർഷം മുന്പാണ് തദ്ദേശ സ്ഥാപന അധ്യക്ഷർക്ക് ഇത്തരമൊരു അധികാരം നൽകി ഉത്തരവിറങ്ങിയത്. ശല്യക്കാരായ കാട്ടുപന്നികളെ കൃഷിയിടത്തിൽ വെടിവയ്ക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതുവരെ കാത്തിരിക്കാതെ ലൈസൻസുള്ളവർക്ക് അനുമതി നൽകാൻ തദ്ദേശ സ്ഥാപന അധ്യക്ഷർക്ക് അധികാരം നൽകിക്കൊണ്ടാണ് ഉത്തരവിറങ്ങിയത്.
എന്നാൽ ഈ അധികാരം ദുരുപയോഗം ചെയ്യുന്ന തരത്തിൽ ചില ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ആഹ്വാനം നൽകിയെന്നാണ് ഇപ്പോൾ വനംവകുപ്പിന്റെ കണ്ടെത്തൽ.
ഏറ്റവുമൊടുവിൽ കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി നടത്തിയ ആഹ്വാനമാണ് വനംവകുപ്പിനെ ചൊടിപ്പിച്ചത്. നേരത്തേ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സമാന ആഹ്വാനം നടത്തിയിരുന്നു.
ഉപദ്രവകാരികളായ കാട്ടുപന്നികളെ അംഗീകൃത തോക്ക് ലൈസൻസുള്ളയാൾക്ക് വെടിവച്ചു കൊല്ലാൻ അനുമതി നൽകാനാണ് തദ്ദേശ അധ്യക്ഷർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം നൽകിയതെന്നും എന്നാൽ ഇത് ദുരുപയോഗപ്പെടുത്തുന്നുവെന്നുമാണ് വനം ചീഫ് വൈൽഡ് ലൈഫ് വാർഡൻ അഡീഷണൽ ചീഫ് സെക്രട്ടറിക്കു നൽകിയ കത്തിൽ പറയുന്നത്.
അതിനാൽ അധികാരം റദ്ദാക്കാനാണ് ശിപാർശ. പന്നികളെ മാത്രം വെടിവയ്ക്കാനുള്ള അനുമതി നൽകാനാണ് തദ്ദേശ അധ്യക്ഷർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം നൽകിയതെങ്കിലും ഇതുപയോഗിച്ച് അക്രമകാരികളെന്ന പേരിൽ മറ്റു വന്യമൃഗങ്ങളെ കൊല്ലാനും കാട്ടുപന്നികളെ തോക്കുപയോഗിച്ചല്ലാതെ കൊല്ലാനും നീക്കം നടക്കുന്നുവെന്നാണ് വനംവകുപ്പിന്റെ റിപ്പോർട്ട്.