മഗ്ദലനയുടെ യു ടേണ്
Thursday, March 13, 2025 12:47 AM IST
ഒരുവളിൽനിന്ന് ഏഴ് അശുദ്ധാത്മാക്കളെ പുറത്താക്കുക! എത്ര അപകടരമായ അവസ്ഥയായിരുന്നു അവളുടേത്. മഗ്ദലന മറിയത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
ക്രിസ്തു ഏഴു പിശാചുക്കളെ പുറത്താക്കിയവൾ എന്നാണ് മഗ്ദലന മറിയത്തെക്കുറിച്ചു ബൈബിളിൽ പരാമർശിക്കുന്നത്. യേശു ഇടപെട്ടതോടെ അവളുടെ ജീവിതമാകെ മാറിമറിയുന്നു. പിന്നീട് യേശുവിന്റെ സുവിശേഷ യാത്രകളിലൊക്കെ വിശ്വസ്തതയോടെ അവൾ അവനെ അനുഗമിച്ചിരുന്നു. കുരിശിന്റെ ചുവട്ടിലും മൃതശരീരം അടക്കിയ കല്ലറയ്ക്കു മുന്നിലും മഗ്ദലന മറിയമുണ്ട്.
ശിഷ്യരുടെ ശിഷ്യ
ഗാഗുൽത്തായിലെ ഭീകരമായ ആ നട്ടുച്ച നേരത്ത് ക്രിസ്തുവിന്റെ കുരിശുമരണത്തിനു മറ്റു പലർക്കുമൊപ്പമാണ് അവൾ സാക്ഷ്യം വഹിച്ചതെങ്കിൽ ഉത്ഥാനത്തിന്റെ ആദ്യത്തെ സാക്ഷി അവൾ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ശിഷ്യരുടെ ശിഷ്യ എന്ന ഖ്യാതിയും അവൾക്ക് സ്വന്തം. മരിച്ചെങ്കിലും തന്റെ നാഥൻ ഉയിർത്തെഴുന്നേൽക്കും എന്നവൾ വിശ്വസിച്ചിരുന്നു.
ആ പ്രതീക്ഷയിലാണ് അവൾ പ്രഭാതത്തിൽ കല്ലറയിൽ എത്തുന്നതും. ഉത്ഥിതനായ കർത്താവിനെ താൻ കണ്ടു എന്നാണ് മറ്റുള്ളവരെ അവൾ അറിയിക്കുന്നത്. തനിക്കു ലഭിച്ച രക്ഷാകരമായ അനുഭവത്തെ അവൾ പങ്കുവയ്ക്കുന്നു.
കർത്താവിന്റെ പീഡകളുടെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും കേവലം ഒരു കാഴ്ചക്കാരി മാത്രമായിരുന്നില്ല മഗ്ദലന മറിയം. താൻ അനുഭവിച്ച ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് അവൾ ചെയ്തത്.
നാം അനുഭവിക്കുന്ന ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള കടമ മഗ്ദലന മറിയത്തെപോലെ നമുക്കുമുണ്ട്. ജീവിതത്തിൽ ഏഴല്ല എഴുപതു പിശാചുക്കൾ ബാധിച്ചാലും എത്ര പാപകരമായ ജീവിതാവസ്ഥയിലാണെങ്കിലും കർത്താവിനെ കണ്ടെത്താൻ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ നമുക്ക് അതിനു സാധിക്കും. പാപങ്ങൾ മറന്ന് അവിടുന്നു നമ്മെ ചേർത്തു പിടിക്കുകതന്നെ ചെയ്യും.
ആ കണ്ണുനീർ
എത്ര വലിയ തഴക്കദോഷങ്ങളിൽ നിന്നായാലും ഒരു "യു ടേൺ' (തിരിച്ചുവരവ്) സാധ്യമാണെന്നും അതിലൂടെ ഒരു വിശുദ്ധ ജീവിതം സ്വന്തമാക്കാമെന്നും മഗ്ദലന മറിയം നമ്മോടു പറയുന്നുണ്ട്. രക്ഷകനിലുള്ള വിശ്വാസത്തിന്റെ തീക്ഷ്ണതയും സമർപ്പണത്തിന്റെ ആഴവും മഗ്ദലന മറിയത്തിൽനിന്നു നാം പഠിക്കണം. കരഞ്ഞു നിലവിളിച്ചുകൊണ്ടാണ് അവൾ തന്റെ ഗുരുവിന്റെ കുരിശുയാത്രയിൽ അനുഗമിച്ചത്.
അടക്കിവച്ച ദുഃഖത്തിന്റെ ചാലുകൾ മുഴുവൻ നിലവിളിയിലൂടെ പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. കുറ്റബോധത്തിന്റെ, ഗുരുവിനോടുള്ള സ്നേഹത്തിന്റെ, അവിടത്തെ പീഡകളെ ഓർത്തുള്ള ദുഃഖത്തിന്റെ, കണ്ണുനീർ. ഒരു കണ്ണുനീരിനെയും ലാഘവത്തോടെ എടുക്കരുത്. പുഴ ഒഴുകുന്നതു പോലെയല്ല കണ്ണീർ. അതു ലാവപോലെ പൊള്ളും.