മുതിർന്ന അംഗങ്ങളടക്കമുള്ളവർ ചോദ്യോത്തരവേളയിൽ സമയക്രമം പാലിക്കണമെന്ന് സ്പീക്കർ
Wednesday, March 12, 2025 12:58 AM IST
തിരുവനന്തപുരം: ചോദ്യോത്തരവേളയിൽ അംഗങ്ങൾ ചോദ്യം ചോദിക്കുന്നതിനു കൂടുതൽ സമയം ഉപയോഗിക്കുന്നുവെന്നും ഇതുമൂലം മന്ത്രിമാർക്ക് ഉത്തരം പറയാൻ സമയം കിട്ടാതെ വരികയാണെന്നും സ്പീക്കർ എ.എൻ. ഷംസീർ.
മുതിർന്ന അംഗങ്ങളടക്കമുള്ളവർ സമയക്രമം പാലിക്കണം. കൂടുതൽ കാലം സാമാജികരായിരുന്ന അംഗങ്ങൾ ചോദ്യം ചോദിക്കുന്നതിന് ഒന്നര മിനിറ്റു വരെ എടുക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ലെന്നും സ്പീക്കർ പറഞ്ഞു.
ഇന്നലെ ചോദ്യോത്തരവേള പത്തു മണിക്ക് അവസാനിപ്പിക്കേണ്ടതായിരുന്നെങ്കിലും മുതിർന്ന അംഗമായ അനൂപ് ജേക്കബിനു സ്പീക്കർ സമയം അനുവദിച്ചു. അദ്ദേഹം സംസാരിക്കുന്നതിനിടെ വേഗത്തിൽ ചോദിക്കണമെന്നു സ്പീക്കർ നിർദേശിച്ചു. ഇത് അനുപ് ജേക്കബിനോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എന്നാൽ, താൻ ആരെയും അവഹേളിച്ചിട്ടില്ലെന്നും സമയത്തെക്കുറിച്ച് ഓർമിപ്പിക്കുകയാണു ചെയ്തതെന്നും സ്പീക്കർ മറുപടി നൽകി.
ഇതിനിടെ ഭരണ-പ്രതിപക്ഷ എംഎൽഎമാർ ബഹളവുമുണ്ടാക്കി. സ്പീക്കർ ഇരുപക്ഷത്തോടും ഇരിക്കാൻ ആവശ്യപ്പെട്ടു. തുടർന്നു സംസാരിച്ച മന്ത്രി പി. രാജീവ് പ്രതിപക്ഷം തുടർച്ചയായി സ്പീക്കറുടെ അധികാരം ചോദ്യംചെയ്യുന്ന നടപടി ഉണ്ടാകുന്നതായി കുറ്റപ്പെടുത്തി.