പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായാല്‍ നടപടി ഉടനുണ്ടാകണം: ഹൈക്കോടതി
Wednesday, March 12, 2025 2:32 AM IST
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായാല്‍ അന്വേഷണമടക്കമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകണമെന്നു ഹൈക്കോടതി.
പോക്സോ കുറ്റകൃത്യമെന്ന സാധ്യത മുന്നില്‍ക്കണ്ടുള്ള അന്വേഷണമാണു നടക്കേണ്ടത്. പോക്സോ കേസ് ചുമത്തുന്ന കാര്യം അന്വേഷണഘട്ടത്തില്‍ ആലോചിച്ചാല്‍ മതിയാകും.
കാസര്‍ഗോഡ് പൈവെളിഗെയിൽ 42കാരനോടൊപ്പം 15കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവം പരിഗണിക്കവേയാണു ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
കാസര്‍ഗോഡ് സംഭവത്തില്‍ ആത്മഹത്യയാണു നടന്നതെന്ന മുന്‍ധാരണ വേണ്ടെന്നും കൊലപാതകമാണോ നടന്നതെന്നാണു കണ്ടെത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. കുട്ടിയെ കാണാതാകുന്നതിനും മരണത്തിനുമിടയില്‍ എന്തു സംഭവിച്ചുവെന്ന് വ്യക്തമാകാനുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
കോടതി നിര്‍ദേശപ്രകാരം കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന് ഇന്നലെ നേരിട്ടു ഹാജരായിരുന്നു. റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ടെങ്കിലും അന്വേഷണം മോശമായ രീതിയിലാണെന്നു പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണത്തെ കോടതി വിമര്‍ശിച്ചെന്നു വാര്‍ത്തകള്‍ വന്നതായി സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടിയപ്പോള്‍ വിമര്‍ശനമെന്ന നിലയില്‍ കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. കേസ് ഡയറി ഹർജിക്കാര്‍ക്കു കൈമാറാനാകില്ലെന്നും അന്വേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ സ്റ്റേറ്റ്മെന്റായി സമര്‍പ്പിക്കാനും ഗവ. പ്ലീഡര്‍ക്ക് കോടതി നിര്‍ദേശം നല്കി.
വീട്ടുകാരുടെ മാനസിക സംഘര്‍ഷം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നത്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായാല്‍ വീട്ടുകാര്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടെ കിടന്നുറങ്ങിയ മകളെ ഒരുമാസം കഴിഞ്ഞ് തൂങ്ങിമരിച്ച നിലയില്‍ കാണുന്നതിന്റെ മാനസികാവസ്ഥ വേദനിപ്പിക്കുന്നതാണ്.
ഒമ്പതിലോ പത്തിലോ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ കുട്ടികള്‍ തന്നെയാണ്. അതുകൊണ്ട് അവര്‍ ഒളിച്ചോടി പോയതാണെന്നു പറയാനാകില്ല. ഒന്നുകില്‍ തട്ടിക്കൊണ്ടു പോയി, അല്ലെങ്കില്‍ പ്രലോഭിപ്പിച്ച് കൂടെ കൊണ്ടു പോയി എന്നേ പറയാനാകൂവെന്നും കോടതി വ്യക്തമാക്കി.
പത്തു വര്‍ഷം മുമ്പുവരെ നമ്മുടെ നാട്ടില്‍ നടക്കില്ലെന്നു കരുതിയൊക്കെയാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സമൂഹമാധ്യമങ്ങള്ക്കാണു പ്രധാന പങ്ക്. കുട്ടികള്‍ക്ക് ഫോണും ഇന്റര്‍നെറ്റും നല്‍കില്ലെന്നായിരുന്നു ഒരുകാലത്ത് നമ്മുടെ വാശി.
എന്നാല്‍, കോവിഡ് വന്നതോടെ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനെടുത്ത് അങ്ങോട്ടു കൊടുക്കേണ്ടിവന്നു. കോവിഡിനുമുമ്പും ശേഷവും തമ്മില്‍ വലിയ വ്യത്യാസങ്ങളാണ് ലോകത്തുണ്ടായത്. 15 വര്‍ഷംമുമ്പ് നമുക്ക് അംഗീകരിക്കാനാകാത്തതൊക്കെ ഇപ്പോള്‍ അംഗീകരിച്ചേ പറ്റൂവെന്നതായി അവസ്ഥയെന്നും കോടതി ചൂണ്ടിക്കാട്ടി.