വിളവെടുപ്പനന്തര നഷ്ടം പ്രതിവർഷം 1500 കോടിയെന്ന് കൃഷിമന്ത്രി
Thursday, March 13, 2025 1:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കാർഷിക മേഖലയിൽ പ്രതിവർഷം വിളവെടുപ്പനന്തര നഷ്ടം 1500 കോടി രൂപയെന്നു കൃഷിമന്ത്രി പി.പ്രസാദ്. ഇതിൽ 1400 കോടിയും കർഷകനുണ്ടാകുന്ന നഷ്ടമാണെന്നും നിയമസഭയിൽ മന്ത്രി വ്യക്തമാക്കി.
വിളവെടുപ്പനന്തര നഷ്ടം പരിഹരിക്കുന്നതിനായുള്ള ശ്രമത്തിന്റെ തുടർച്ചയാണ് കേരളാ അഗ്രോ ബിസിനസ് കന്പനി. ഇതിന്റെ ഭാഗമായുള്ള ആനയറയിലെ അഗ്രോ എക്സ്പോ പാർക്ക് ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനസജ്ജമാകും.
മരട്, വേങ്ങേരി, അന്പലവയൽ, കുമരകം പീലിക്കോട് എന്നിവടങ്ങളിലും അഗ്രോ എക്സ്പോ പാർക്ക് നിർമിക്കും. കർഷകരുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനത്തിനായുള്ള കേരള ഗ്രോ ബ്രാൻഡഡ് ഷോപ് 11 ജില്ലകളിൽ ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.