നിയന്ത്രണംവിട്ട പോലീസ് ജീപ്പിടിച്ച് വഴിയോര കച്ചവടക്കാരൻ മരിച്ചു
Thursday, March 13, 2025 1:28 AM IST
മാനന്തവാടി: പനമരം റോഡിൽ വള്ളിയൂർക്കാവിനു സമീപം നിയന്ത്രണംവിട്ട ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരൻ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന പ്രതിക്കും മൂന്നു പോലീസുകാർക്കും പരിക്കേറ്റു.
വഴിയോരക്കച്ചവടക്കാരൻ തോട്ടുങ്കൽ ശ്രീധരനാണ് (65) മരിച്ചത്. പരിക്കേറ്റ സിപിഒമാരായ കെ.പി. പ്രശാന്ത് (40), ജോളി സാമുവൽ (40), ബി. കൃഷ്ണൻ (30), കവർച്ചക്കേസ് പ്രതി മാഹി സ്വദേശി പ്രവീഷ് (32)എന്നിവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രവീഷിനെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ബത്തേരിക്ക് കൊണ്ടുവരുന്നതിനിടെ അന്പലവയൽ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ അപകടത്തിൽപ്പെട്ടത്.
ശ്രീധരനെ ഇടിച്ചുതെറിപ്പിച്ചശേഷം വാഹനം അന്പലപ്പറന്പിലെ ആൽത്തറയിൽ ഇടിച്ചാണു നിന്നത്. ചാറ്റൽമഴയിൽ വാഹനം തെന്നിമറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തേഞ്ഞുതീരാറായതാണ് ജീപ്പിന്റെ ചക്രങ്ങൾ.
ലീലയാണ് ശ്രീധരന്റെ ഭാര്യ. മക്കൾ: മനോജ്, വിനോദ്, പ്രമോദ്, ഷീബ, റീന. മരുമക്കൾ: ജിഷ, രജിത, ശരത്, രാജി.