മാര്‍ തോമസ് തറയിലിനെതിരേയുള്ള അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ കോടതി നിര്‍ദേശം
Thursday, March 13, 2025 12:47 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനെതിരേ ഐടുഐ ന്യൂസ്, ഐടുഐ പ്ലസ് എന്നീ യൂട്യൂബ് ചാനലുകളിലൂടെ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സുനില്‍ മാത്യു പ്രചരിപ്പിച്ച അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ പിന്‍വലിച്ച് നീക്കം ചെയ്യണമെന്നും യൂട്യൂബിലൂടെയോ മറ്റു നവമാധ്യമങ്ങളിലൂടെയോ ഇത്തരം സംഗതികള്‍ പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ചുകൊണ്ടും തിരുവനന്തപുരം അഡീഷണല്‍ മുന്‍സിഫ് കോടതി ഉത്തരവു പുറപ്പെടുവിച്ചു.
തിരുവനന്തരം കേന്ദ്രികരിച്ച് അതിരൂപതയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ലൂര്‍ദ് മതാ കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവിടുത്തെ മുന്‍ അന്തേവാസി പി.വി. എല്‍സി ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി സുനില്‍ മാത്യു തന്റെ ഉടമസ്ഥതയിലും ചുമതലയിലുമുള്ള ഐടുഐ ചാനലുകളിലൂടെ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്കെതിരേ തിരുവനന്തപുരം ലൂര്‍ദ് മാതാ ട്രസ്റ്റും ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലും തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
സുപ്രിംകോടതിയുടെയും കേരള ഹൈക്കോടതിയുടെയും വിധിന്യായങ്ങള്‍ ഉദ്ധരിച്ച് ഭരണഘടന നല്കുന്ന സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും മറ്റൊരാളെ അപമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യമല്ലെന്നു കോടതി നിരീക്ഷിച്ചു.
കേസിന് ആസ്പദമായ വീഡിയോകള്‍ പ്രഥമ ദൃഷ്ട്യാ അപകീര്‍ത്തിപരവും വാദികളുടെയും സ്ഥാപനത്തിന്റെയും സല്പേരിനെ ബാധിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.