സർക്കാർ ഗ്രാന്റ് ചെലവഴിക്കലിൽ സെക്രട്ടേറിയറ്റ് സമരത്തിന്റെ ചെലവും
Thursday, March 13, 2025 12:47 AM IST
തിരുവനന്തപുരം: കേരള ഒളിന്പിക് അസോസിയേഷൻ സർക്കാരിൽനിന്നു കൈപ്പറ്റിയ ഗ്രാന്റു സംബന്ധിച്ചു സമർപ്പിച്ച വരവു ചെലവു കണക്കിൽ സെക്രട്ടേറിയേറ്റു മാർച്ച് നടത്തിയതിന്റെ ചെലവുകൂടി ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്നു മന്ത്രി വി. അബ്ദുറഹ്മാൻ.
കായിക സംഘടനകൾക്കു സർക്കാർ നൽകുന്ന ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
ഹോക്കി അസോസിയേഷന് ഈ സർക്കാർ കാലയളവിൽ 56 ലക്ഷം രൂപയും സ്പോർട്സ് കൗണ്‍സിൽ ഗ്രാന്റ് ഇനത്തിൽ 23.83 ലക്ഷം രൂപയും നൽകിയിട്ടുണ്ട്. എന്നാൽ, കേരള ഹോക്കി ടീമിനു ദേശീയ ഗെയിംസിൽ വർഷങ്ങളായി യോഗ്യത നേടാൻപോലും കഴിഞ്ഞിട്ടില്ലെന്നും ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി പ്രകാരം 129 പഞ്ചായത്തുകളിൽ കളിക്കളങ്ങളുടെ പ്രവർത്തി പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.