ആറ്റുകാൽ പൊങ്കാല ഇന്ന്
Thursday, March 13, 2025 12:47 AM IST
തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കും. രാവിലെ 10.15 ഓടെ ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തുടർന്ന് പണ്ടാര അടുപ്പിലും തീ പകരും. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നും ദീപം പകർന്ന് മേൽശാന്തി വി. മുരളീധരൻ നന്പൂതിരിക്ക് കൈമാറും.
മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷം അതേ ദീപം സഹ മേൽശാന്തിക്കും കൈമാറും. സഹമേൽശാന്തി ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകരും.
ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് ശാസ്താ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് തിരിച്ചെഴുന്നള്ളിച്ച് ഒൻപതോടെ ക്ഷേത്രത്തിലെത്തും.
രാത്രി 10 ന് കാപ്പഴിച്ച് ദേവിയെ കുടിയിരുത്തും. തുടർന്ന് ഗുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.