വിഴിഞ്ഞം തുറമുഖം തുടർഘട്ടങ്ങളുടെ നിർമാണം ഉടൻ: മന്ത്രി വാസവൻ
Wednesday, March 12, 2025 12:59 AM IST
തിരുവനന്തപുരം: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചതിനാൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർഘട്ടങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നു മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു.
2024 ഡിസംബറിൽ പ്രവർത്തനക്ഷമമായ ഒന്നാംഘട്ടത്തിന്റെ പ്രതിവർഷ ശേഷി 10 ലക്ഷം കണ്ടെയ്നറാണ്. തുടർഘട്ടങ്ങളുടെ നിർമാണം പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്നറാകും.
തിരുവനന്തപുരം ജില്ലയിൽ ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ, ഔട്ടർ റിംഗ് റോഡ്, വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ചാത്രികോണം മുതലായവ യുദ്ധകാലാടിസ്ഥാനത്തിൽ യാഥാർഥ്യമാക്കി തുറമുഖ നിർമാണ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സർക്കാർ ലക്ഷ്യമിടുന്നു. ഇതിനുള്ള പ്രാഥമികാനുമതികളും നൽകിയതായി അഹമ്മദ് ദേവർകോവിലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയാണ് ദേശീയപാതയുമായി ചേർന്ന് ഔട്ടർ റിംഗ് റോഡ് പദ്ധതി വിഭാവന ചെയ്തിട്ടുള്ളത്. ഈ റോഡുകൾക്ക് ഇരുവശവുമായി 2.5 കിലോമീറ്റർ പ്രദേശം വിവിധ വ്യവസായ-വാണിജ്യശാലകളും സ്ഥാപിക്കും. പ്രവർത്തനം പുരോഗമിക്കുന്ന മുറയ്ക്ക് എറണാകുളം മുതൽ തെക്കോട്ടുള്ള ഇതര ജില്ലകളിലും നിരവധി ലോജിസ്റ്റിക് പാർക്കുകളും വ്യവസായശാലകളും വരും.
കേന്ദ്രീകൃത തുറമുഖമായി വിഴിഞ്ഞത്തെ കണ്ട് ഇതര തുറമുഖങ്ങളിൽനിന്ന് വിഴിഞ്ഞത്തേക്കു ചരക്കുനീക്കം നടത്തുന്നതിനുള്ള നടപടികളും ആരംഭിക്കും. നോണ് മേജർ തുറമുഖങ്ങളായ വിഴിഞ്ഞം-കോവളം, കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നിവിടങ്ങളിൽ ചരക്ക്-യാത്രാ കപ്പലുകൾ അടുപ്പിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യം നിലവിലുണ്ട്.
വിദേശ കപ്പലുകൾ അടക്കം തുറമുഖത്തു വന്നുപോകാനാവശ്യമായ സെക്യൂരിറ്റി സർട്ടിഫിക്കറ്റായ ഐഎസ്പിഎസ് വിഴിഞ്ഞം-കോവളം, കൊല്ലം, ബേപ്പൂർ, അഴിക്കൽ തുറമുഖങ്ങൾക്ക് ഇതിനകംതന്നെ ലഭിച്ചു. തുറമുഖത്തുതന്നെ കസ്റ്റംസ് ക്ലിയറൻസ് ഉറപ്പാക്കാനുള്ള ഐഎസ്പി സർട്ടിഫിക്കേഷനും അഴീക്കൽ ഒഴികെയുള്ള തുറമുഖങ്ങൾക്കുണ്ട്. അഴീക്കൽ തുറമുഖത്തിനും ഐഎസ്പി സ്റ്റാറ്റസ് നേടിയെടുക്കാൻ ശ്രമം നടത്തുന്നു.
ബേപ്പൂർ തുറമുഖത്തിന്റെ ആഴംകൂട്ടൽ, അഡീഷണൽ വാർഫ് നിർമാണം, കൊല്ലം തുറമുഖത്തിന്റെ ആഴംകൂട്ടൽ, അഡീഷണൽ വാർഫ് നിർമാണം, പൊന്നാനി തുറമുഖത്ത് പുതിയ വാർഫ് നിർമാണം എന്നീ പ്രവൃത്തികൾ സാഗർമാല പദ്ധതിയിലൂടെയുള്ള കേന്ദ്രസഹായത്തോടുകൂടി നടപ്പാക്കാൻ പാരിസ്ഥിതിക ആഘാതപഠനം നടത്താൻ നടപടി സ്വീകരിച്ചു. പാരിസ്ഥിതിക ആഘാത അനുമതി ലഭ്യമാകുന്ന മുറയ്ക്ക് കേന്ദ്ര സർക്കാരിലേക്ക് പദ്ധതി സമർപ്പിച്ച് 50% സാമ്പത്തിക സഹായം നേടി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ലഹരിക്കേസുകളിൽ ഉൾപ്പെടുന്ന വിദ്യാർഥികളെ മനഃശാസ്ത്ര വിലയിരുത്തലിനു വിധേയമാക്കണം
ലഹരിക്കേസുകളിൽ ഉൾപ്പെടുന്ന വിദ്യാർഥികളെ മനഃശാസ്ത്ര വിലയിരുത്തലിനു വിധേയമാക്കേണ്ടതുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കുവേണ്ടി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. കൗമാരപ്രായത്തിലുള്ളവർ മാനസികസംഘർഷമടക്കം അനുഭവിക്കുന്നുണ്ടെന്നും അതിനാൽ വിദഗ്ധരെ ഉൾപ്പെടുത്തി ശാസ്ത്രീയമായ പഠനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കേസുകളിൽപ്പെടുന്ന വിദ്യാർഥികളെ കുട്ടിക്കുറ്റവാളികൾ എന്നുവരെ ചാപ്പ കുത്തുന്നുണ്ട്. അതും മനഃശാസ്ത്രപരമായി ശരിയല്ല. അതേസമയം, കുട്ടികളിൽ കുറ്റവാസന പെരുകുകയും അക്രമങ്ങൾ ആഘോഷിക്കപ്പെടുകയും മഹത്വവത്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വെബ് സീരീസ്, സിനിമകൾ, സമൂഹമാധ്യമങ്ങൾക്ക് അടിമപ്പെടൽ തുടങ്ങിയവയൊക്കെ ഇതിനു കാരണമാണ്. ഇക്കാര്യത്തിൽ ശാസ്ത്രീയമായ സമീപനം സർക്കാർ സ്വീകരിക്കും.
കാമ്പസുകളിലെ അരാഷ്ട്രീയതയും ആശയസംവാദങ്ങളിലെ ശൂന്യതയും ലഹരി ഉൾപ്പെടെയുള്ള വിവിധ അരാജകത്വ പ്രവർത്തനങ്ങളിലേക്കു വഴിതുറക്കുന്നുണ്ട്. ലഹരിക്കെതിരായ ഏറ്റവും നല്ല പ്രത്യൗഷധം സ്പോർട്സ് ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ദേശീയപാതയ്ക്കായി സർക്കാർ 5,580 കോടി ചെലവഴിച്ചു
ദേശീയപാതയ്ക്കായി സംസ്ഥാന സർക്കാർ 5,580 കോടി രൂപ ചെലവാക്കിയെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ വർഷം ഡിസംബറോടെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ദേശീയപാത 66ൽ 45 മീറ്റർ വീതിയിൽ ആറുവരി പാതയിലൂടെ എല്ലാവർക്കും സഞ്ചരിക്കാം.
കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയാണിത്. എന്നാൽ, ഈ ഫണ്ടിനെ കടപരിധിയിൽപ്പെടുത്തുകയാണ് കേന്ദ്രം ചെയ്തത്. ഇതോടെ ഏകദേശം 12,000 കോടി രൂപ സംസ്ഥാനം ചെലവിട്ടതിനു തുല്യമായി മാറി. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതയ്ക്കായി സ്വന്തംനിലയിൽ പണം മുടക്കുന്നത്. മറ്റു നാലു സംസ്ഥാനങ്ങളിലൂടെയും ദേശീയപാത കടന്നുപോകുന്നുണ്ടെങ്കിലും അവയൊന്നും ഇതിനായി പണം മുടക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങളിൽനിന്നു കൊഴിഞ്ഞുപോയത് 2813 കുട്ടികൾ
2023-24 അധ്യയനവർഷം പൊതുവിദ്യാലങ്ങളിൽനിന്നു 2,813 കുട്ടികളാണു കൊഴിഞ്ഞുപോയതെന്ന് മന്ത്രി വി. ശിവൻകുട്ടി. എറണാകുളത്താണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്ക്. ഇവിടെയാണ് ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതലുള്ളത്. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾ രക്ഷാകർത്താക്കൾക്കൊപ്പം നാട്ടിലേക്ക് പോകുന്നതു കൊഴിഞ്ഞുപോക്കിനു പ്രധാന കാരണമാണ്. കൊഴിഞ്ഞുപോക്കിന്റെ വഴികൾ കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിച്ചതോടെ ഇതു തടയാനായിട്ടുണ്ട്. 2011-12ൽ 44,104 പേരാണു കൊഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
ഭൂമി തരംമാറ്റത്തിനായി ലഭിച്ചത് 7,12,731 അപേക്ഷകൾ
കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റ നടപടികളുമായി ബന്ധപ്പെട്ട് ഈ മാസം രണ്ടുവരെ 7,12,731 അപേക്ഷകളാണു ലഭിച്ചതെന്നു മന്ത്രി കെ. രാജൻ. ഇതിൽ 3,37,004 അപേക്ഷകൾ ഡേറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കുന്നതിനുള്ളതാണ്. മൊത്തം അപേക്ഷകളുടെ 47 ശതമാനത്തിലധികവും ഡേറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കുന്നതിനുള്ളതാണ്.
വില്ലേജുകളിൽ തയാറാക്കിയ ഡേറ്റാ ബാങ്കിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്ഥാനത്ത് 471 കൃഷിഭവനുകളിൽ ഡേറ്റാ പ്യൂരിഫിക്കേഷൻ നടത്തി. അവശേഷിക്കുന്ന കൃഷിഭവനുകളിലെ പ്യൂരിഫിക്കേഷനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കേരളത്തിലെ ടൂറിസം മോശമെന്നു പ്രചാരണം
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കേരളത്തിലെ ടൂറിസം മോശമാണെന്ന തരത്തിൽ പ്രചാരണം നടത്തുന്ന സാമൂഹ്യദ്രോഹികളുടെ മനസുള്ള ചിലരുണ്ടെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇന്ത്യയിൽ ഏറ്റവും സമാധാനമായി ടൂറിസ്റ്റുകൾക്കു വന്നുപോകാവുന്ന നാടാണ് കേരളം. അതേസമയം ഒറ്റപ്പെട്ട സംഭവങ്ങൾ എന്താണെന്നു പരിശോധിക്കും. തിരക്കേറിയ സംസ്ഥാനം എന്ന കാറ്റഗറിയിൽപ്പെടുത്തി നോ ലിസ്റ്റു ചെയ്യാനുള്ള പ്രവണതയുണ്ട്. ഇതിനു പരിഹാരമായാണ് ഡെസ്റ്റിനേഷൻ ടൂറിസം കൊണ്ടുവന്നത്.
ടൂറിസം കേന്ദ്രങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുകയാണു ലക്ഷ്യം. ഇതിനായി ഗ്രീൻ എനർജി, മിയാവാക്കി വനങ്ങൾ എന്നിവ സ്ഥാപിക്കുന്നതു പ്രോത്സാഹിപ്പിക്കും. നിർമാണ സാമഗ്രികളെല്ലാംതന്നെ പരിസ്ഥിതി സൗഹൃദമാക്കും. ഉത്തരവാദിത്വ ടൂറിസം മിഷനിലെ വനിതാ യൂണിറ്റുകളുടെ സഹായത്തോടെ കേരളത്തിന്റെ ചരിത്രം പറയുന്ന സുവനീറുകളും മറ്റും തയാറാക്കും. കെ ഹോമുകൾ വരുമ്പോൾ നിലവിലെ ഹോം സ്റ്റേകൾക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.