പെട്ടിക്കടയിലേക്ക് കാർ ഇടിച്ചുകയറി യുവതി മരിച്ചു
Wednesday, March 12, 2025 2:32 AM IST
കോതമംഗലം: കരിക്ക് വില്പന നടത്തുന്ന പെട്ടിക്കടയിലേക്ക് കാർ നിയന്ത്രണംവിട്ടു പാഞ്ഞുകയറി വില്പനക്കാരിയായ യുവതി മരിച്ചു.
നെല്ലിമറ്റം ലക്ഷംവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി ലബ്ബക്കട സ്വദേശി പനതോട്ടത്തിൽ ശ്രീലാലിന്റെ ഭാര്യ ശുഭ സുരേഷാണു (33) മരിച്ചത്.
നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിക്കു സമീപം ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. മൂന്നാർ ഭാഗത്തുനിന്നു വന്ന ടാക്സി കാർ നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഇയാൾ പരിക്കില്ലാതെ രക്ഷപ്പെട്ടു.
പെട്ടിക്കട പൂർണമായും തകർന്നു. കടയിലേക്ക് ഇടിച്ചുകയറിയശേഷം കാർ ശുഭയുടെ ശരീരത്തിലേക്കാണു മറിഞ്ഞത്.
സമീപത്തുണ്ടായിരുന്നവർ കാർ ഉയർത്തി ശുഭയെ പുറത്തെടുത്ത് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോഡരികിൽ കരിക്കും കൂൾഡ്രിംഗ്സും വിൽക്കുന്ന പെട്ടിക്കട ഒരു മാസം മുന്പാണ് ശുഭ തുടങ്ങിയത്. സമീപകാലത്താണ് ഇവർ നെല്ലിമറ്റത്ത് താമസം തുടങ്ങിയതും. ശ്രീലാൽ-ശുഭ ദന്പതികൾക്ക് രണ്ട് മക്കളുണ്ട്.