കൊരട്ടിയിൽ പുലിക്കായി തെരച്ചിൽ
1534311
Wednesday, March 19, 2025 1:34 AM IST
കൊരട്ടി: പഴയ എൻഎച്ചിൽ മൃഗാശുപത്രിക്കു പടിഞ്ഞാറുഭാഗത്തുള്ള പാടത്ത് പുലിയെ കണ്ടതായി പ്രദേശവാസി. ഇന്നലെ രാത്രിയോടെ മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് ടോർച്ച് വെളിച്ചത്തിൽ പുലിയെ കണ്ടതായാണ് മഞ്ഞളി ജോയ് പറഞ്ഞത്. പരിഭ്രാന്തിയിലായ ഇയാൾ ഉടനെ അടുത്ത വീട്ടിലേക്ക് ഓടി ക്കയറി. സംഭവമറിഞ്ഞ് ആർആർടി സംഘവും സ്ഥലത്തെത്തി പരിശോധിച്ചുവരികയാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, വാർഡ് മെമ്പർമാരായ ജെയ്നി ജോഷി, വർഗീസ് പയ്യപ്പിള്ളി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡെന്നീസ് കെ.ആന്റണി, മുൻ പഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യൻ എന്നിവർ സ്ഥലത്തെത്തി.
ചിറങ്ങരയിൽ ഇക്കഴിഞ്ഞ 14ന് കണ്ടതു പുലിതന്നെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയോടെ നാലു കാമറകൾ സ്ഥാപിച്ചു. ഇന്നു മേഖലയിൽ ഡ്രോണിന്റെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കും. ഇതിനുശേഷമാണ് ഇന്നു കൊണ്ടുവരുന്ന കൂട് എവിടെ സ്ഥാപിക്കുമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
വാഴച്ചാൽ ഡിഎഫ്ഒ ആർ. ലക്ഷ്മിയുടെ നേതൃത്വത്തിൽ വിദഗ്ധസംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം പഞ്ചായത്ത് പ്രസിഡന്റ്, പോലീസ്, ജനപ്രതിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ളവരെ ഉൾപ്പെടുത്തി വിദഗ്ധസംഘം രൂപീകരിച്ചു. ആർആർടി സംഘത്തിന്റെ നിരീക്ഷണം ശക്തമാക്കും. ആരാധനാലയങ്ങളിൽ വെളുപ്പിനും രാത്രിയിലും നടത്തുന്ന ആരാധനകൾ പകൽസമയത്തേക്ക് ക്രമീകരിക്കാൻ നിർദേശംനൽകി. വെളുപ്പിനും രാത്രിയിലുമുള്ള ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനം പൂർണമായി നിർത്തിവയ്ക്കാനും കുട്ടികളുടെയും പ്രായമായവരുടെയും രാത്രികാലസഞ്ചാരം ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. ഗവ. ഓഫ് ഇന്ത്യ പ്രസ്, വൈഗ ത്രെഡ്സ് എന്നിവയുടെ കാടുപിടിച്ച ഏക്കറുകണക്കിനു ഭൂമിയിൽ ഡ്രോൺ നിരീക്ഷണം നടത്താനും ഇതിനായി കളക്ടർക്ക് കത്തുനൽകാനും തീരുമാനിച്ചിട്ടുണ്ട്.
മംഗലശേരി, ചെറ്റാരിക്കൽ, വഴിച്ചാൽ വാർഡുകളിലെ സ്വകാര്യ പറമ്പുകളിലെ അടിക്കാടുകൾ സ്വന്തംനിലയിൽ വെട്ടിനീക്കാൻ സ്ഥലം ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.