കുണ്ടായിയിൽ കാട്ടാന ആക്രമണത്തില്‍നിന്ന് തൊഴിലാളി രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്
1534289
Wednesday, March 19, 2025 1:33 AM IST
പാലപ്പിള്ളി: കുണ്ടായിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ തോട്ടംതൊഴിലാളിയായ സ്ത്രീക്കു പരിക്കേറ്റു. മുരിക്കുങ്ങല്‍ സ്വദേശി കേളംപടിക്കല്‍ ഹനീഫിന്റെ ഭാര്യ റെജീന(52) യ്ക്കാണ് പരിക്കേറ്റത്. കൈക്കും കാലിലും പരിക്കേറ്റ റെജീനയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടുമണിയോടെ ഹാരിസണ്‍ തോട്ടത്തിലാണ് സംഭവം. ടാപ്പിംഗ് ചെയ്യുന്നതിനിടെ ആനക്കൂട്ടം വരുന്നതുകണ്ട് ഭയന്നോടുന്നതിനിടെ വീണാണ് റെജീനയ്ക്കു പരിക്കേറ്റത്. തലനാരിഴയ്ക്കാണ് ഇവര്‍ ആനക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെട്ടത്. മറ്റു തൊഴിലാളികള്‍ ചേര്‍ന്ന് ഒച്ചവച്ച് ആനക്കൂട്ടത്തെ അകറ്റിയശേഷമാണ് റെജീനയെ രക്ഷപ്പെടുത്തിയത്.
ആഴ്ചകളായി ഈ പ്രദേശത്തു കാട്ടാനശല്യം രൂക്ഷമാണ്. തോട്ടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന ആനക്കൂട്ടത്തെ ഭയന്നാണ് തൊഴിലാളികള്‍ പണിക്കിറങ്ങുന്നത്. നിരവധിതവണ വനപാലകര്‍ക്കും തോട്ടം മാനേജ്മെന്റിനും പരാതി നല്‍കിയിട്ടും ആനകളെ കാടുകയറ്റാന്‍ അധികൃതര്‍ യാതൊരു നടപടിയും എടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞദിവസം ആനക്കൂട്ടം ഇറങ്ങി വ്യാപകമായി കൊക്കോ കൃഷി നശിപ്പിച്ചിരുന്നു. കാട്ടാന ആക്രമണം പതിവായ മേഖലയില്‍ തൊഴിലാളികള്‍ക്കു സുരക്ഷയൊരുക്കാന്‍ വനപാലകര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.