കേച്ചേരിയിലെ ക്ഷേത്രത്തിൽ മോഷണം
1534291
Wednesday, March 19, 2025 1:34 AM IST
കേച്ചേരി: പെരുമണ്ണ് പിഷാരിക്കൽ കാർത്യായനി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണവും ഭഗവതിക്കു ചാർത്തുന്ന വെള്ളിമുഖവും കവർന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ വെള്ളിമുഖം ക്ഷേത്രത്തിലെ മറ്റൊരു കോണിൽനിന്ന് ലഭിച്ചു. ചൊവ്വാഴ്ച പുലർച്ചെ പൂജാകർമങ്ങൾക്കായി എത്തിയ മേൽശാന്തിയാണ് വാതിൽ തുറന്നു കിടക്കുന്നതു കണ്ടത്. ഉടൻതന്നെ ക്ഷേത്രഭാരവാഹികളെയും പോലീസിനെയും വിവരമറിയിച്ചു.
പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിനു പുറത്തും അകത്തുമായി സ്ഥാപിച്ചിട്ടുള്ള രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്തിരുന്നു. ക്ഷേത്രം ഓഫീസിന്റെ വാതിൽ തകർത്ത് അകത്തുള്ള അലമാരയിൽ സൂക്ഷിച്ച പണവും മോഷണം പോയി. കമ്പിപ്പാരപോലെയുള്ള ആയുധം ഉപയോഗിച്ചാണ് വാതിലുകളും ഭണ്ഡാരങ്ങളും തുറന്നത്.
രണ്ട് ഭണ്ഡാരങ്ങളിൽ നിന്നായി ഏകദേശം 10,000 രൂപയും ഇന്നലത്തെ കളക്ഷനായ 4800 രൂപയും 5000 രൂപയുടെ നാണയങ്ങളും നഷ്ടപ്പെട്ടു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ഇരുമ്പുഷീറ്റ് ഇളക്കിയാണ് മോഷ്ടാക്കൾ അകത്തുപ്രവേശിച്ചതെന്ന് കരുതുന്നു.