ഭക്തർക്കു സായൂജ്യമേകി കണ്ണന്റെ പള്ളിവേട്ട
1534305
Wednesday, March 19, 2025 1:34 AM IST
ഗുരുവായൂർ: ഭക്തർക്കു ദർശനസായൂജ്യം നൽകി കണ്ണൻ ഭക്തജനങ്ങളിലേക്കെഴുന്നള്ളി. നിറപറയും നിലവിളക്കുമൊരുക്കി ഭക്തർ ഗുരുവായൂരപ്പനെ വരവേറ്റു.
ക്ഷേത്രത്തിനുള്ളിൽ വൈകീട്ട് ഗുരുവായൂരപ്പന്റെ സ്വർണത്തിടന്പ് കൊടിമരത്തിനുസമീപം പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ച് കീഴ്ശാന്തി മുളമംഗലം ഹരിനന്പൂതിരി ദീപാരാധന നടത്തി. ശേഷം ഭഗവാൻ ഗ്രാമപ്രദക്ഷിണത്തിനും പള്ളിവേട്ടയ്ക്കുമായി പുറത്തേക്കെഴുന്നള്ളി. കൊന്പൻ ദാമോദർദാസ് സ്വർണക്കോലത്തിലുള്ള ഭഗവാന്റെ സ്വർണത്തിടന്പേറ്റി. ചെന്താമരാക്ഷൻ, വിഷ്ണു, രവികൃഷ്ണൻ, അക്ഷയ് കൃഷ്ണൻ കൂട്ടാനകളായി.
ഭഗവാന്റെ എഴുന്നള്ളിപ്പ് കുളപ്രദക്ഷിണം കഴിഞ്ഞു കിഴക്കേഗോപുരത്തിൽകൂടി ക്ഷേത്രത്തിനകത്തു പ്രവേശിച്ച് വടക്കേനടയിൽ അവസാനിച്ചു. തുടർന്ന് കീഴ്ശാന്തി മുളമംഗലം ഹരിനന്പൂതിരി പിടിയാന ദേവിയുടെ പുറത്ത് ഭഗവാന്റെ തിടന്പ് കിഴക്കേഗോപുരത്തിലേക്കു കൊണ്ടുവന്നപ്പോഴേക്കും ഭക്തർ പക്ഷിമൃഗാദികളുടെ വേഷംകെട്ടി ആർപ്പുവിളികളുമായി പള്ളിവേട്ടയ്ക്കു തയാറായി.
പുതിയേടത്ത് പിഷാരോടി പന്നിമാനുഷങ്ങളുണ്ടോ എന്നു വിളിച്ചുചോദിച്ചതോടെ ഭഗവാന്റെ പള്ളിവേട്ട ആരംഭിച്ചു. പക്ഷിമൃഗാദികളുടെ വേഷംകെട്ടിയവരും ഭക്തജനങ്ങളും പ്രദക്ഷിണവഴിയിലൂടെ ഓടി. ഭഗവാൻ ആനപ്പുറത്തു പിൻതുടർന്ന് ഒൻപതു പ്രദക്ഷിണം പൂർത്തിയാക്കി. പന്നിയെ അന്പെയ്തുവീഴ്ത്തുന്നെന്ന സങ്കൽപ്പത്തിൽ അവകാശിയായ പന്നിയെ മുളന്തണ്ടിലേറ്റിയതോടെ പള്ളിവേട്ടച്ചടങ്ങ് സമാപിച്ചു.
ഗുരുവായൂർ ഉത്സവം
ഇന്നത്തെ പരിപാടികൾ
രാവിലെ അഞ്ചുമുതൽ- പള്ളിയുണർത്തൽ, അഭിഷേകം, ഉഷപൂജ (ദർശനം രാവിലെ എട്ടിനുശേഷം)
രാവിലെ 11.30-1.00: പന്തീരടിനിവേദ്യം, പൂജ.
വൈകീട്ട് അഞ്ചുമുതൽ; കിഴക്കെനടയ്ക്കൽ എഴുന്നള്ളിച്ചുവയ്ക്കൽ, ദീപാരാധന.
വൈകീട്ട് 6.30 മുതൽ; കുളപ്രദക്ഷിണം, എഴുന്നള്ളിപ്പ് (പഞ്ചവാദ്യം, മേളം).
രാത്രി 10 മുതൽ- ഭഗവതിക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിക്കൽ, ആറാട്ട്, ഉച്ചപൂജ.
രാത്രി 11 മുതൽ- കിഴക്കേ ഗോപുരത്തിലൂടെ നിറപറകളോടെ എതിരേൽപ്പ്.
ആനയോട്ടം 11 പ്രദക്ഷിണം, കൊടിയിറക്കൽ.