കൊടുങ്ങല്ലൂർ ഭരണി: വകുപ്പുതല യോഗംചേർന്നു
1534304
Wednesday, March 19, 2025 1:34 AM IST
കൊടുങ്ങല്ലൂർ: 25 മുതൽ ആഘോഷിക്കുന്ന ഭരണി മഹോത്സവത്തിന് മുന്നോടിയായി കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രന്റെ അധ്യക്ഷതയിൽ യോഗംചേർന്നു.
ഭക്തജനങ്ങൾക്ക് പരിപൂർണ സുരക്ഷയും ശുദ്ധജലം, ഭക്ഷണം എന്നിവയുടെ ലഭ്യതയും ഉറപ്പ് വരുത്തും. കോഴിക്കല്ല് മൂടിക്കഴിഞ്ഞാൽ കാവുതീണ്ടൽവരെ കോഴിക്കല്ലിന് പോലീസിന്റേയും ദേവസ്വം സെക്യൂരിറ്റിയുടേയും പ്രത്യേക സുരക്ഷ ഒരുക്കും. തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിനുൾവശം ഭക്തജനങ്ങൾ കൂട്ടമായി എത്തുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആവശ്യാനുസരണം പോലീസ് ഉദ്യോഗസ്ഥരെയും സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിക്കാൻ തീരുമാനമായി. ഭരണിയോടനുബന്ധിച്ച് സംഭാര, ചുക്കുവെള്ള വിതരണവും ദേവസ്വം വകയായി നൽകാൻ തീരുമാനിച്ചു.
24 മണിക്കൂറും മെഡിക്കല്‍, ആംബുലൻസ് സേവനവും ഫയർഫോർഴ്സ് സേവനവും ലഭ്യമാക്കുന്നതിനും തീരുമാനമായി. മുനിസിപ്പാലിറ്റിയുടെ വകയായി വിവിധ സ്ഥലങ്ങളിൽ ഇ ടോയ്ലറ്റുകൾ സ്ഥാപിക്കും. യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ ടി.കെ. ഗീത, കൊച്ചിൻ ദേവസ്വംബോർഡ് കമ്മീഷണർ എസ്.ആര്. ഉദയകുമാർ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, കൊടുങ്ങല്ലൂര്‍ ഡിവെെഎസ്പി വി.കെ. രാജു. കോവിലകം പ്രതിനിധി സുരേന്ദ്രവർമ, വിനോദ് അടികൾ എന്നിവർ പങ്കെടുത്തു.