ഉപകാരപ്പെടാതെ ഒരു പൊതുകുളം
1534299
Wednesday, March 19, 2025 1:34 AM IST
വെള്ളിക്കുളങ്ങര: വേനല്‍ച്ചൂട് കടുത്തതോടെ, ജനങ്ങള്‍ വെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ മലയോരത്തെ ജലസമൃദ്ധമായ പൊതുകുളം ആര്‍ക്കും പ്രയോജനപ്പെടാതെ കിടക്കുന്നു. വെള്ളിക്കുളങ്ങര തേശേരിക്കുളമാണ് നവീകരണം പാതിവഴിയില്നിലച്ച് അനാഥാവസ്ഥയില്‍ കിടക്കുന്നത്.
പല ഘട്ടങ്ങളിലായി ലക്ഷങ്ങള്‍ ചെലഴിച്ചിട്ടും നാട്ടുകാര്‍ക്ക് ഉപകാരപ്പെടാതെ കിടക്കുകയാണ് നൂറ്റാണ്ടോളംപഴക്കമുള്ള തേശേരിക്കുളം. കട്ടിപ്പൊക്കം പ്രദേശത്തോടു ചേര്‍ന്നുള്ള ജലസമൃദ്ധമായ തേശേരിക്കുളം നവീകരിച്ചെടുത്താല്‍ വേനല്‍ക്കാലത്ത് രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും. ഒരുകാലത്ത് വെളളിക്കുളങ്ങരയില് നെല്‍കൃഷി നടന്നിരുന്നത് തേശേരികുളത്തിലെ വെള്ളത്തെ ആശ്രയിച്ചായിരുന്നു. ഇപ്പോഴത്തെ വെള്ളിക്കുളങ്ങര ബസ് സ്റ്റാന്‍ഡ്, സര്‍ക്കാര്‍ യുപി സ്കൂള്‍ എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശങ്ങള്ക്കുസമീപം നേരത്തെ നെല്‍പ്പാടങ്ങളായിരുന്നു. തേശേരിക്കുളത്തില്നിന്ന് തോടുവഴിയെത്തിയിരുന്ന വെള്ളമാണ് അക്കാലത്ത് ഇവിടെ നെല്കൃഷിക്കുപയോഗിച്ചിരുന്നത്.
അരനൂറ്റാണ്ടുമുമ്പ് വെള്ളിക്കുളങ്ങരയ്ക്ക് കിഴക്കുള്ള കാടുകളില്‍ കൂപ്പുപണി നടന്നിരുന്നപ്പോള്‍ തടി വലിക്കാന്വന്ന ആനകളെ കുളിപ്പിക്കാന്‍ കൊണ്ടുവന്നിരുന്നത് തേശേരി കുളത്തിലായിരുന്നെന്ന് മുതിര്‍ന്നവര്‍ ഓര്‍ക്കുന്നു. ഇവിടെ പാടങ്ങള്‍ ഇല്ലാതാവുകയും വീടുകള്‍ ഉയരുകയും ചെയ്തപ്പോള്‍ തേശേരിക്കുളം വിസ്തൃതിയിലായി. ആരും ഉപയോഗിക്കാതെ പാഴ്ച്ചടികളും പുല്ലും മൂടി കുളം നാശോന്മുഖമായി.
കുളം പുനരുദ്ധരിക്കണമെന്ന് ആവശ്യമുയര്‍ന്നതോടെ രണ്ട് പതിറ്റാണ്ടുമുമ്പ് ഫണ്ട് അനുവദിക്കപ്പെട്ടു. മുക്കാല്‍ ഏക്കറോളം വിസ്തൃതിയുള്ള കുളത്തിലെ മണ്ണും ചെളിയും നീക്കി വശങ്ങള് കരിങ്കല്‍കെട്ടി സംരക്ഷിക്കുന്ന പണികള്‍ ആരംഭിച്ചെങ്കിലും പാതിവഴിയില്‍ സ്തംഭിക്കുകയായിരുന്നു. കുളത്തിലേക്ക് വഴിയില്ലാത്തതും ഇറങ്ങാന്‍ പടവുകളില്ലാത്തതുംമൂലം കുളത്തിലെ ജലസമൃദ്ധി കണ്ടുനില്ക്കാനേ ഇപ്പോള്‍ നാട്ടുകാര്ക്കാവുന്നുള്ളു.
കുളത്തിന്റെ നവീകരണത്തിനായി ഏതാനുംവര്‍ഷംമുമ്പ് 34 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കപ്പെട്ടെങ്കിലും കുളത്തിലേക്ക് വഴിയില്ലാത്തതിനാല്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചില്ല. നേരത്തെ ഉണ്ടായിരുന്ന പൊതുവഴി പുനരുദ്ധരിച്ച് കുളത്തിന്റെ നവീകരണം പൂര്‍ത്തിയാക്കുകയും സൗന്ദര്യവല്കരിക്കുകയും വേണമെന്നാണ് ആവശ്യമുയരുന്നത്.