സിപിഎമ്മുകാരെ കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ചു ബിജെപിക്കാർക്കു കഠിനതടവ്
1534292
Wednesday, March 19, 2025 1:34 AM IST
ചാവക്കാട്: ചൂണ്ടൽ ചെമ്മന്തിട്ട പഴുന്നാന തണ്ടാശേരി പ്രേമന്റെ മകനും സിപിഎം പ്രവർത്തകനുമായ ശരത്ത് (29), കൂട്ടുകാരനായ അർജുൻ (30) എന്നിവരെ മാരകായുധങ്ങൾകൊണ്ട് ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകരായ അഞ്ചുപേരെ കഠിനതടവിനും പിഴയ്ക്കും ശിക്ഷിച്ചു.
ചൂണ്ടൽ ചെമ്മന്തിട്ട പഴുന്നാന സ്വദേശികളായ മുതിരപറമ്പത്ത് അഖിൽ ( കുട്ടു - 28), കണ്ടൻ കുളങ്ങര വിഷ്ണു (29), കണ്ടൻകുളങ്ങര വിഷ്ണു (32), കുഴിപറമ്പിൽ ശ്രീഷിത് (28), കുളപ്പുറത്ത് സനീഷ് (പക്രു - 35) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ഏഴുവർഷവും11 മാസവും കഠിനതടവിനും 45000 രൂപ പിഴയടയ്ക്കാനും പിഴ അടച്ചില്ലെങ്കിൽ ഏഴുമാസംകൂടി കഠിനതടവിനും ശിക്ഷിച്ചത്. രണ്ടാംപ്രതിയായ പയ്യൂർ മാന്തോ പ്പ് കൊട്ടിലിങ്ങൽവളപ്പിൽ ആദർശ്(29) ഒളിവിലാണ്.
2018 മേയ് 20 നു രാത്രി 7.30 നാണ് രാഷ്ട്രീയവിരോധംവച്ച് ബൈക്കുകളിൽ എത്തി അക്രമം നടത്തിയത്. ശരത്തിനെ ഇരുമ്പുപൈപ്പ് കൊണ്ട് അടിക്കുന്നതു തടയാൻ ചെന്നപ്പോഴാണ് അർജുനു മർദനമേറ്റത്. പരിക്കേറ്റ ഇരുവരും കുറേനാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിഴസംഖ്യ പരിക്കുപറ്റിയവർക്കു നൽകാൻ വിധിയിൽ നിർദേശിച്ചു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത്കുമാർ ഹാജരായി.