വന്യജീവി ആക്രമണം തടയൽ: തീരുമാനങ്ങൾ കടലാസിൽ
1534306
Wednesday, March 19, 2025 1:34 AM IST
സ്വന്തം ലേഖകൻ
പുതുക്കാട്: പാലപ്പിള്ളി, വെള്ളിക്കുളങ്ങര വനമേഖലയിൽ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണം തടയാൻ ഒരുവർഷംമുന്പ് എടുത്ത തീരുമാനങ്ങൾ കടലാസിൽ. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ കെ.കെ. രാമചന്ദ്രൻ എംഎൽഎയാണ് വന്യജീവി ആക്രമണം തടയാൻ സംവിധാനങ്ങളൊരുക്കുമെന്ന് അറിയിച്ചത്.
ജനവാസമേഖലയിൽ വന്യജീവികളുടെ സാന്നിധ്യം അറിയാൻ വാട്സാപ്പ് ചാനൽ അലാം സിസ്റ്റം, എസ്എംഎസ് അലാം സിസ്റ്റം എന്നിവയും ഡ്രോണ് നിരീക്ഷണവും നടത്താൻ തീരുമാനിച്ചു. ജനവാസമേഖലയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായിട്ടും തീരുമാനങ്ങൾ ഒന്നുപോലും നടപ്പായിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു. തോട്ടംമേഖലയിൽ ആനക്കൂട്ടത്തെ ഭയന്നാണ് തൊഴിലാളികൾ പണിക്കിറങ്ങുന്നത്.
തകർന്ന സോളാർവേലികൾ മാറ്റുന്നതിനും പുതിയതു സ്ഥാപിക്കേണ്ട സ്ഥലങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് തയാറാക്കാനും യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
പാലപ്പിള്ളി മേഖലകൂടി ഉൾപ്പെടുത്തി ഹാംഗിംഗ് സോളാർ ഫെൻസിംഗ് പദ്ധതി വരുമെന്ന കാത്തിരിപ്പും വിഫലമായി. ചാലക്കുടി, മലയാറ്റൂർ, വാഴച്ചാൽ ഡിവിഷനുകളെ ബന്ധപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയിൽ പാലപ്പിള്ളിക്കുപകരം പരിയാരത്തെയാണ് ഉൾപ്പെടുത്തിയത്. വന്യജീവിശല്യം രൂക്ഷമായ പാലപ്പിള്ളി, ചിമ്മിനി തോട്ടം വനംമേഖലയെ അവഗണിക്കുന്ന നിലപാടാണ് അധികൃതർ കൈക്കൊള്ളുന്നതെന്നു നാട്ടുകാർ ആരോപിച്ചു.
കാട്ടാന ആക്രമണത്തിൽ 13 ജീവനുകൾ പൊലിഞ്ഞ പ്രദേശമാണ് പാലപ്പിള്ളി. തോട്ടം തൊഴിലാളികളും ആദിവാസികളും തിങ്ങിപ്പാർക്കുന്ന പാലപ്പിള്ളിയിൽ സോളാർ വേലിയും കിടങ്ങും തീർക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
ഹൈക്കോടതിവിധി നടപ്പാക്കണം:
മലയോരകർഷക സംരക്ഷണസമിതി
പുതുക്കാട്: മലയോര - തോട്ടം മേഖലയിലെ കാട്ടാനശല്യം ഒഴിവാക്കാൻ അടിയന്തരനടപടി വേണമെന്നു മലയോരകർഷക സംരക്ഷണസമിതി. കൃഷിയിടങ്ങൾ തകർക്കുന്നതിനൊപ്പം തൊഴിലാളികളെയും ആക്രമിക്കാൻ തുടങ്ങി. ഇന്നലെ രാവിലെ ഏഴിനു സ്ത്രീതൊഴിലാളിക്കു പരിക്കേറ്റു.
2025 ജനുവരി ആദ്യവാരം എംഎൽഎയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു പ്രഖ്യാപനങ്ങൾ നടത്തി. ഒന്നും നടപ്പായില്ല. ആർആർടിയെ വനാതിർത്തികളിൽ നിയമിച്ച് ആനകളെ കാട്ടിലേക്കുതന്നെ തുരത്തണം. തോട്ടത്തിലെത്തുന്ന ആനകളിൽനിന്ന് സംരക്ഷണം നൽകേണ്ടതു മാനേജ്മെന്റാണ്. തോട്ടത്തിലെത്തുംമുന്പ് ആനകളില്ലെന്ന് ഉറപ്പാക്കാൻ മാനേജ്മെന്റ് വാച്ചർമാരെ നിയമിക്കണം. കാഴ്ച മറയ്ക്കുന്ന കാടുകൾ വെട്ടിമാറ്റണം.
വനാതിർത്തികളിൽ ട്രഞ്ചുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ജോസഫ് ടാജറ്റ് നൽകിയ കേസിലൂടെ നേടിയ ഹൈക്കോടതിവിധി നടപ്പാക്കാൻ എംഎൽഎ മുൻകൈയെടുക്കണമെന്നു മലയോരകർഷക സംരക്ഷണസമിതി ചെയർമാൻ ഇ.എ. ഓമന ആവശ്യപ്പെട്ടു.