സർവോദയ ദർശനത്തിനനുസരിച്ച് പ്രവർത്തിക്കണം: തേറമ്പില്‍
1534309
Wednesday, March 19, 2025 1:34 AM IST
തൃശൂർ: മഹാത്മാഗാന്ധി മുന്നോട്ടുവച്ച സർവോദയ ദർശനത്തിനനുസരിച്ചു ചിന്തയും വാക്കും പ്രവൃത്തികളും രൂപപ്പെടുത്തുന്നതിലൂടെ മാത്രമേ ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കൂവെന്ന് കസ്തൂർബാഗാന്ധി സ്മാരക ട്രസ്റ്റ് ദേശീയ ട്രസ്റ്റി അഡ്വ. തേറമ്പില്‍ രാമകൃഷ്ണൻ.
ഗാന്ധിജിയുടെ പ്രഥമ തൃശൂർ സന്ദർശന ശതാബ്ദിയോടനുബന്ധിച്ചു സർവോദയ - ഗാന്ധിമാർഗ പ്രവർത്തകർ മണികണ്ഠനാലിനു സമീപം നടത്തിയ സന്ദര്‍ശന ശതാബ്ദി പ്രാർഥനാസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വോദയ ദർശൻ ചെയർമാൻ എം. പീതാംബരൻമാസ്റ്റർ അധ്യക്ഷത വഹിച്ചു.
1927ല്‍ ഗാന്ധിജി സന്ദർശനം നടത്തിയ തൃശൂർ സെന്റ് തോമസ് കോളജിന്റെ പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളമ്പ്രത്ത് സന്ദേശം നൽകി. ശക്തൻ തമ്പുരാൻ കോളജ് പ്രിൻസിപ്പൽ അജിത്ത് രാജ, ഖാദി- ഗ്രാമവ്യവസായകേന്ദ്രം പരിശീലനവിഭാഗം മേധാവി ശ്രീനിവാസ് രാജു, മാധ്യമപ്രവർത്തകൻ എന്‍. ശ്രീകുമാർ, സര്‍വോദയ നിവേദക് പി.എസ്. സുകുമാരൻ, റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ, വി.എസ്. ഗിരീശൻമാസ്റ്റർ, ഡേവിസ് കണ്ണമ്പുഴ, എൻ. രാജഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഗാന്ധിജി തൃശൂരിൽ മൂന്നുതവണ പൊതുസമ്മേളനത്തെ അഭിസംബോധനചെയ്ത മണികണ്ഠനാൽ പരിസരത്ത് സ്മാരകമോ ഫലകമോ സ്ഥാപിക്കണമെന്നു ശതാബ്ദിസമ്മേളനം ആവശ്യപ്പെട്ടു.