‘നടരാജവിഗ്രഹം വീട്ടിൽവച്ചാൽ ഐശ്വര്യമുണ്ടാവും’
1534297
Wednesday, March 19, 2025 1:34 AM IST
കൊരട്ടി: നടരാജവിഗ്രഹം വീട്ടിൽവച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിനുരൂപ തട്ടിപ്പുനടത്തിയ കേസിൽ രണ്ടുപേരെ കൊരട്ടി സിഐ അമൃത് രംഗനും സംഘവും അറസ്റ്റ് ചെയ്തു. കാടുകുറ്റി സാമ്പാളൂർ സ്വദേശി മാടപ്പിള്ളി വീട്ടിൽ ഷിജോ(45), കാടുകുറ്റി അന്നനാട് സ്വദേശി അനന്തഭവൻ വീട്ടിൽ ബാബു(55) എന്നിവരാണ് അറസ്റ്റിലായത്.
കാടുകുറ്റി പാളയംപറമ്പ് സ്വദേശിയായ രജീഷിനെയാണ് ഇവർ വീട്ടിൽ പഞ്ചലോഹ നടരാജവിഗ്രഹം വച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജനുവരി നാലുമുതൽ ഫെബ്രുവരി 17 വരെയുള്ള കാലയളവിൽ അഞ്ചുലക്ഷം രൂപ കൈപ്പറ്റി. തുടര്ന്ന് പഞ്ചലോഹ നടരാജ വിഗ്രഹംനൽകാതെ ദേവീവിഗ്രഹംനൽകിയാണ് തട്ടിപ്പ് നടത്തിയത്. ഫെബ്രുവരി 17നാണ് പഞ്ചലോഹ വിഗ്രഹമാണെന്ന് വിശ്വസിപ്പ് ദേവിവിഗ്രഹം നൽകിയത്. പരാതിക്കാരനായ രജീഷും ഷിജോയും സുഹൃത്തുക്കളാണ്. ഈ സൗഹൃദത്തിലൂടെ രജീഷിന് പുരാവസ്തുക്കളോടുള്ള താത്പര്യം മനസിലാക്കി കബളിപ്പിക്കുകയായിരുന്നു.
പരാതിക്കാരൻ ഇതുസംബന്ധിച്ച് ചോദിച്ചപ്പോൾ ഈ വിഗ്രഹം വീട്ടിൽവച്ചിട്ട് ഐശ്വര്യം ഉണ്ടായില്ലെങ്കിൽ കോട്ടയം പാല സ്വദേശിയായ ഒരാൾ ദേവീവിഗ്രഹം 15 കോടി രൂപയ്ക്ക് വാങ്ങുമെന്നും പറഞ്ഞിരുന്നു. സംശയംതോന്നി ദേവീവിഗ്രഹം ജ്വല്ലറിയിൽ കൊണ്ടുപോയി പരിശോധിച്ചതിലാണ് വിഗ്രഹം പഞ്ചലോഹമല്ലെന്ന് മനസിലാക്കിയത്.
തുടർന്ന് കൊരട്ടി പോലീസിൽ പരാതിനൽകുകയായിരുന്നു. ഒളിവിൽപോയ പ്രതികളെകുറിച്ച് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കാടുകുറ്റി, അന്നനാട് എന്നിവിടങ്ങളിൽനിന്ന് പ്രതികളെ പിടികൂടിയത്. സിഐ ഇൻസ്പെക്ടർ അമൃത് രംഗനു പുറമെ എസ്ഐ റെജിമോൻ, എഎസ്ഐമാരായ ഷീബ, നാഗേഷ്, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ വി.ആർ. രഞ്ജിത്, സീനിയർ സിപിഒമാരായ സജീഷ്, ഫൈസൽ, സിപിഒ. മണികുട്ടൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.