ഭീതിപരത്തി മുണ്ടിനീര്
1486441
Thursday, December 12, 2024 4:06 AM IST
അന്നമനട: അന്നമനട, മാള മേഖലയിലും അതിർത്തിപങ്കിടുന്ന എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലും വിദ്യാർഥികളിലടക്കം മുണ്ടിനീര് പടരുന്നത് ആശങ്ക ഉയർത്തുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റിനുശേഷം 33 പേർക്കാണ് മേഖലയിൽ അസുഖംസ്ഥിരീകരിച്ചത്. മൂന്നു പേരൊഴിച്ചുള്ള രോഗബാധിതരെല്ലാം കുട്ടികളായിരുന്നു. മാമ്പ്ര, തത്തമത്ത്, മാള പ്രദേശത്തെ കുട്ടികളിലാണ് ഭീതിപരത്തി മുണ്ടിനീര് വ്യാപനം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം മാത്രം 23 കുട്ടികൾക്കാണ് രോഗംബാധിച്ചത്. മാമ്പ്രയിൽ നിലവിൽ മൂന്നു കുട്ടികൾ ചികിത്സയിലാണ്. പ്രദേശത്ത് ഇന്നലെ ഒരുസ്ത്രീക്കും പാറക്കടവ് പഞ്ചായത്തിൽ ചൊവ്വാഴ്ച രണ്ടു മുതിർന്നവർക്കും രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
പ്രതിരോധനടപടികൾ കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും രോഗം പടരാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ് സർക്കാർ ആശുപത്രികളിൽ വർഷങ്ങളായി ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതുമൂലം പണംമുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാർ. വിദ്യാലയങ്ങളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവൽകരണക്ലാസുകൾ സംഘടിപ്പിച്ചതിനൊപ്പം ലഘുലേഖകളുടെ വിതരണവും ജാഗ്രതാനിർദേശങ്ങളും ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. ഉമിനീർഗ്രന്ഥികളെ ബാധിക്കുന്ന ഈ രോഗം പരത്തുന്നത് വൈറസുകളാണ്.
വീടുകളിൽ ഐസൊലേഷൻ ക്രമീകരണങ്ങളും അധികൃതർ നിർദേശിക്കുന്നുണ്ട്. നിലവിൽ രോഗവ്യാപനം സങ്കീർണമല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.