വൈദ്യുതിനിരക്ക് വർധനവിനെതിരേ പ്രതിഷേധം: കൗണ്‍സിൽയോഗം പിരിച്ചുവിട്ട് മേയർ
1486435
Thursday, December 12, 2024 4:05 AM IST
തൃശൂർ: വൈദ്യുതി ചാർജ് വർധനവിലും കൂർക്കഞ്ചേരി - കുറുപ്പം റോഡ് നിർമാണത്തിലെ അഴിമതിയിലും പ്രതിഷേധിച്ച് കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ യുഡിഎഫ്, ബിജെപി പ്രതിഷേധം. മെഴുകുതിരി തെളിയിച്ച് ബിജെപി പ്രതിഷേധിച്ചപ്പോൾ നടുത്തളത്തിൽ ഇറങ്ങിയായിരുന്നു യുഡിഎഫ് പ്രതിഷേധം.
പ്രതിഷേധക്കാരോടു സീറ്റുകളിൽ ചെന്നിരിക്കാൻ മേയർ എം.കെ. വർഗീസ് ആവശ്യപ്പെട്ടെങ്കിലും കൗണ്‍സിലർമാർ തയാറാകാഞ്ഞതോടെ മേയർ ബെല്ലടിച്ച് യോഗം പിരിച്ചുവിട്ടു. എന്നാൽ അജൻഡകൾ വായിക്കുംമുൻപേ യോഗം പിരിച്ചുവിട്ടത് യുഡിഎഫ് - എൽഡിഎഫ് ഒത്തുകളിയെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം തുടർന്നു.
രാത്രി കുറുവസംഘവും പകൽ എൽഡിഎഫിന്റെ കൃഷ്ണൻകുട്ടിയും സംഘവും കേരളത്തെ കൊള്ളയടിക്കുന്നുവെന്ന് ആരോപിച്ച്, അന്യായമായ ചാർജ് വർധന പിൻവലിക്കണമെന്നും ഇതുസംബന്ധിച്ച് പ്രമേയം അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി കൗണ്‍സിലമാർ യോഗത്തിനെത്തിയത്. സംസ്ഥാനസർക്കാരിന്റെ വൈദ്യുതി ചാർജ് വർധനവിനുപിറകെ കോർപറേഷനിലും ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരേയാണ് യുഡിഎഫ് പ്രതിഷേധം അറിയിച്ചത്.
വൈദ്യുതിവിഭാഗം ജോലിയിൽനിന്ന് വിരമിച്ച അന്‍പതോളം ജീവനക്കാരെ താത്കാലികമായി നിയമിക്കാനുള്ള അജൻഡ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ എതിർത്തു. എംപ്ലോയ്മെന്റ്എക്സ്ചേഞ്ചിലും മറ്റും പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾ ജോലിക്കുവേണ്ടി ഊഴം കാത്തുനിൽക്കുന്പോൾ വിരമിച്ച ഉദ്യോഗസ്ഥർക്കു ജോലി നൽകുന്നതു കൊലച്ചതിയാണെന്നും ഉദ്യോഗാർഥികളോടു കാണിക്കുന്ന വഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു.
കൂർക്കഞ്ചേരി - കുറുപ്പം റോഡ് നിർമാണത്തിൽ മുഴുവനും അഴിമതിയാണെന്നും വിജിലൻസ് അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കൂർക്കഞ്ചേരി - കുറുപ്പം റോഡ് നിർമാണത്തിന്റെ നിർമാണം പൂർത്തിയാകുംമുൻപ് അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കുന്നതു മാധ്യമശ്രദ്ധ കിട്ടാനാണെന്നായിരുന്നു ഭരണമുന്നണിക്കാരുടെ മറുപടി.
മേയറുടെ ചേംബറിനു മുൻപിൽ പ്രതിഷേധം
യുഡിഎഫ് പ്രതിഷേധത്തെതുടർന്ന് അജൻഡകൾ വായിക്കുംമുൻപേ കൗണ്‍സിൽ യോഗം പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലർമാർ മേയറുടെ ചേംബറിനു മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. വീണ്ടും കൗണ്‍സിൽ ചേരാമെന്നു മേയർ കൗണ്‍സിലർമാരെ ഫോണിൽ അറിയിച്ചതോടെയാണ് സമരം പിൻവലിച്ചത്. എന്നാൽ, യോഗം പിരിച്ചുവിടുന്പോൾ ഉച്ചകഴിഞ്ഞു കൗണ്‍സിൽ കൂടുമെന്നാണ് താൻ അറിയിച്ചിരുന്നതെന്നാണ് മേയർ പറഞ്ഞത്. ഉച്ചകഴിഞ്ഞു നടന്ന കൗണ്‍സിൽ യോഗത്തിൽ 51 അജൻഡകൾ ചർച്ചചെയ്തു പാസാക്കി.
കസേരയിൽ കയറി പ്രതിഷേധം
പൊതു അജൻഡകളിൽ ചർച്ചവേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ കൗണ്‍സിലർ മുകേഷ് കൂളപ്പറന്പിലിന്റെ ആവശ്യം മേയർ തള്ളിയതോടെ കസേരയിൽ കയറിനിന്നായിരുന്നു മുകേഷ് പ്രതിഷേധം അറിയിച്ചത്. 20 മിനിറ്റോളം കസേരയിൽ നിന്ന് പ്രതിഷേധിച്ച മുകേഷിനോട് ഒടുവിൽ മേയർ ഇരിക്കാൻ പറഞ്ഞതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.