ഗുരുവായൂർ ഏകാദശി നാളെ ഇന്ന് ദശമിവിളക്കാഘോഷം
1485891
Tuesday, December 10, 2024 7:06 AM IST
ഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി നാളെ ആഘോഷിക്കും. പതിനായിരക്കണക്കിന് ഭക്തര്‍ വ്രതശുദ്ധിയോടെ ഏകാദശി നോല്ക്കാന് ഗുരുവായൂരിലെത്തും. ഇന്ന് ദശമി നെയ്വിളക്കാഘോഷം നടക്കും. തിരുനാമാചാര്യന് ആഞ്ഞം മാധവന് നമ്പൂതിരി രൂപീകരിച്ച ശ്രീഗുരുവായൂരപ്പന് സങ്കീര്‍ത്തന ട്രസ്റ്റിന്റെ വകയായാണ് ദശമി നെയ്വിളക്കാഘോഷം.
ക്ഷേത്രത്തില്‍ രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലി, രാത്രി വിളക്കെഴുന്നള്ളിപ്പ് എന്നിവയ്ക്ക് മേളം, പഞ്ചവാദ്യം എന്നിവ അകമ്പടിയാവും. വിളക്കാഘോഷത്തിന്റെ ഭാഗമായി നാരായണാലയത്തില്‍ സാധുക്കള്‍ക്ക് അന്നദാനമുണ്ടാകും.
കഴിഞ്ഞ ഒരുമാസമായി നടക്കുന്ന വിളക്കാഘോഷങ്ങള്‍ നാളെ സമാപിക്കും. ഗുരുവായൂര്‍ ദേവസ്വംവക ചുറ്റുവിളക്കോടെയാണ് വിളക്കാഘോഷം. ക്ഷേത്രത്തില്‍ രാവിലെ കാഴ്ചശീവേലിക്ക് ഗുരുവായൂർ ശശിമാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയാകും. ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിക്ക് കുനിശേരി അനിയൻ മാരാരുടെ പഞ്ചവാദ്യമാണ്. രാത്രി വിളക്കെഴുന്നള്ളിപ്പിന് കക്കാട് രാജപ്പൻ മാരാർ മേളം നയിക്കും.
രാവിലെ ആറിന് പല്ലശ്ശന മുരളി മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ടാവും. സന്ധ്യയ്ക്ക് പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്രയും, അവിടെനിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥമെഴുന്നള്ളിപ്പും ഉണ്ടാകും.
സന്ധ്യയ്ക്ക് ഗുരുവായൂർ ഗോപൻമാരാരുടെ തായമ്പകയാണ്. ചെമ്പൈ സംഗീതോത്സവം നാളെ രാത്രി പത്തോടെ സമാപിക്കും.
പഞ്ചരത്നകീർത്തനാലാപനവും ഗജരാജൻ കേശവൻ അനുസ്മരണവും ഇന്ന്
ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ചുള്ള ഗജരാജൻ കേശവൻ അനുസ്മരണവും പഞ്ചരത്ന കീർത്തനാലാപനവും ദശമിദിനമായ ഇന്നു നടക്കും. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ഒന്‍പതു മുതൽ 10 വരെയാണ് പഞ്ചരത്ന കീർത്തനാലാപനം.
പ്രഗത്ഭരായ സംഗീതജ്ഞർ പഞ്ചരത്ന കീർത്തനാലാപനത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിൽ എത്തും. ഇക്കുറി ഗജരാജൻ കേശവൻ അനുസ്മരണം നടക്കുന്നത് ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട കോടതി നിർദേശങ്ങൾ പാലിച്ചാണ്. അഞ്ച് ആനകളെ മാത്രമേ ഘോഷയാത്രയിൽ അണിനിരത്തൂ.
രാവിലെ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ക്ഷേത്രത്തിനു മുന്നിലെത്തി കുളപ്രദക്ഷിണംചെയ്ത് ശ്രീവത്സം അതിഥിമന്ദിരത്തിലെ ഗജരാജൻ കേശവന്റെ പ്രതിമയുടെ മുന്നിലെത്തി പ്രണാമം അർപ്പിക്കും. പ്രതിമയിൽ ആന പ്രണാമം അർപ്പിക്കുന്ന സമയത്ത് ആൾക്കാരെ പ്രതിമാ മണ്ഡപത്തിലേക്ക് പ്രവേശിപ്പിക്കില്ല. രാവിലെ ഒന്പതിനുമുന്പ് ചടങ്ങ് അവസാനിപ്പിക്കും.
പൈതൃകം ഗുരുവായൂരിന്റെ സാംസ്കാരിക ഉത്സവവും ദീപക്കാഴ്ചയും നാളെ
ഗുരുവായൂര്‍: ഏകാദശിയുടെ ഭാഗമായി പൈതൃകം ഗുരുവായൂരിന്റെ സാംസ്കാരിക സമ്മേളനവും ദീപക്കാഴ്ചയും നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് നഗരസഭ രുഗ്മിണി റീജൻസിയിൽ ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപംതെളിയിച്ച് തുടക്കംകുറിക്കും.
ഐസ്ആർഒ മുൻ ചെയർമാൻ ഡോ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. കർമശ്രേഷ്ഠ പുരസ്കാരം സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണിക്ക് സമ്മാനിക്കും. ചിറ്റ്മാൻ ഇയർ പുരസ്കാരം നേടിയ ആർ.കെ. ഗ്രൂപ്പ് ചെയർമാൻ പി.എസ്. പ്രേമാനന്ദനെ ചടങ്ങിൽ ആദരിക്കും.
തുടർന്ന് ഭാഗവതാചാര്യൻ മൂർക്കന്നൂർ ഹരി നമ്പൂതിരി ശ്രീകൃഷ്ണ സംഗീതാർച്ചനയ്ക്ക് നേതൃത്വംനൽകും. സന്ധ്യയ്ക്ക് ക്ഷേത്രത്തിന്റെ വടക്കേ നടപ്പുരയിൽ പ്രത്യേക ദീപക്കാഴ്ചയും ഒരുക്കുന്നുണ്ട്.
രവി ചങ്കത്ത്, മധു.കെ. നായർ, ഡോ.കെ.ബി. പ്രഭാകരൻ, ശ്രീകുമാർ പി. നായർ, കെ.കെ. വേലായുധൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സുരക്ഷയ്ക്കു 300 പോലീസുകാർ
ഗുരുവായൂർ: ഏകാദശിയുടെ ഭാഗമായി ക്ഷേത്രത്തിലും പരിസരത്തും തുടർച്ചയായ 54 മണിക്കൂർ നേരം 300 പോലീസുകാർ സുരക്ഷാസംവിധാനം ഒരുക്കും.
ഗുരുവായൂർ എസിപി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ ടെമ്പിൾ സിഐ ജി. അജയുമാർ, ഗുരുവായൂർ സിഐ സി. പ്രേമാനന്ദകൃഷ്ണൻ, ചാവക്കാട്, പാവറട്ടി സിഐമാർ എന്നിവർ സുരക്ഷാജോലിക്കു മേൽനോട്ടം വഹിക്കും.
ഇന്നു രാത്രി 10 മുതൽ ദ്വാദശിദിവസം രാവിലെവരെ വാഹനങ്ങൾ പോലീസിന്റെ ഗതാഗതക്രമീകരണങ്ങൾ പാലിക്കണം. ഇന്നർ - ഔട്ടർ റിംഗ് റോഡുകളിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ എല്ലാ വാഹനങ്ങളും വൺവേ പാലിക്കണം. മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രങ്ങൾക്കുപുറമെ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ട്, നഗരസഭ ടൗൺഹാൾ, പെരുന്തട്ട ക്ഷേത്രപരിസരം തുടങ്ങിയ ഇടങ്ങൾ പാർക്കിംഗ് കേന്ദ്രങ്ങളാക്കും. പ്രൈവറ്റ് ബസുകൾ മമ്മിയൂർ സെന്ററിൽ സർവീസ് അവസാനിപ്പിക്കണം.
ഇനിയുള്ള രണ്ടു ദിവസങ്ങളിലും ക്ഷേത്രവും പരിസരവും പോലീസിന്റെ കർശനനിരീക്ഷണത്തിലാവും.