കൂർക്കഞ്ചേരി - കുറുപ്പം റോഡിന്റെ ഒരു ഭാഗം ഇന്നു തുറന്നുനൽകും
1486437
Thursday, December 12, 2024 4:05 AM IST
തൃശൂർ: കൂർക്കഞ്ചേരി - കുറുപ്പം റോഡിന്റെ ഒരുഭാഗം ഇന്നു ഗതാഗതത്തിനായി തുറന്നുനൽകും. കൂർക്കഞ്ചേരിമുതൽ മെട്രോപ്പൊളിറ്റൻ ഹോസ്പിറ്റൽവരെയുള്ള ഭാഗമാണ് തുറന്നുനൽകുക. രാവിലെ 11.30 ന് മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും.
കൂർക്കഞ്ചേരിമുതൽ ഐ വിഷൻ ഹോസ്പിറ്റൽവരെയും ഐ വിഷൻ ഹോസ്പിറ്റൽമുതൽ മെട്രോപ്പൊളിറ്റൻ ഹോസ്പിറ്റൽവരെയുമുള്ള അഞ്ചുകോടി രൂപയുടെ രണ്ടുഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാണ് ഗതാഗതത്തിനായി തുറന്നുനൽകുന്നത്.
സംസ്ഥാനപാതയ്ക്ക് അനുയോജ്യമായ രീതിയിൽ 10 കോടി രൂപ ചെലവുചെയ്തു നടപ്പാക്കുന്ന കോണ്‍ക്രീറ്റിംഗ് പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിച്ചതായും മേയർ അറിയിച്ചു. നിലവിൽ നാലു ഘട്ടങ്ങളിലായാണ് കോണ്‍ക്രീറ്റിംഗ് നടത്തുന്നത്. ഇതിൽ ആദ്യ രണ്ടുഘട്ടങ്ങളാണ് ഇപ്പോൾ നിർമാണം പൂർത്തീകരിച്ചത്. ഇതേ മാതൃകയിൽ കൊക്കാലെമുതൽ സ്വരാജ് റൗണ്ട് വരെയുള്ള ഭാഗം 2025 മാർച്ചോടെ നിർമാണം പൂർത്തീകരിച്ചു തുറന്നുനൽകുമെന്നും മേയർ അറിയിച്ചു.
റോഡിൽ വിള്ളലുകൾ, പ്രതിഷേധം വ്യാപകം
തൃശൂർ: കൂർക്കഞ്ചേരി - കുറുപ്പം റോഡ് നിർമാണത്തിനെതിരേ പ്രതിഷേധം വ്യാപകം. ഇന്ന് ഉദ്ഘാടനം നടത്താൻ ഒരുങ്ങുന്ന റോഡിന്റെ പല ഇടങ്ങളിലും വിള്ളലുകളാണെന്നാണ് പരാതി. കോണ്ക്രീറ്റിംഗിനുശേഷം ഇടറോഡുകളിൽനിന്നും ഈ റോഡിലേക്കു പ്രവേശിക്കാൻ കഴിയുന്നില്ല. ഉയരവ്യത്യാസം കാരണം കടകളിലേക്ക് ഇറങ്ങാനും കയറാനും കഴിയില്ല. പലയിടങ്ങളിലും റോഡുകൾ വിണ്ടുകീറിയിട്ടും സിമന്റ് ഉപയോഗിച്ച് അവ മറയ്ക്കാനാണ് കരാറുകാരൻ ശ്രമിക്കുന്നതെന്നു യുഡിഎഫും ബിജെപിയും ആരോപിച്ചു. മെക്കാഡം റോഡ് വേണ്ടയിടത്തു കോണ്‍ക്രീറ്റിംഗ് നടത്തിയത് അഴിമതി ലക്ഷ്യമിട്ടാണെന്നു നേതാക്കൾ ആരോപിച്ചു.
എന്നാൽ, നിർമാണം പൂർത്തിയാക്കുംമുൻപേ അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കാനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നതെന്നായിരുന്നു മേയറുടെ മറുപടി.
നിലവിൽ നിശ്ചിതഭാഗങ്ങളായി നടത്തുന്ന കോണ്‍ക്രീറ്റിംഗിന് ഇടയിൽ ചാലുപോലെ ചെറിയ ഭാഗങ്ങൾ ഉണ്ടാകാറുണ്ട്. ഇവ ഫ്ളൂയിഡ് വച്ച് അടയ്ക്കുന്നുമുണ്ട്. അല്ലാതെയുള്ളവ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും സമയബന്ധിതമായി നിർമാണം പൂർത്തീകരിച്ചതിലുള്ള അസഹിഷ്ണുതയാണ് അനാവശ്യ ആരോപണങ്ങൾക്കു പിറകിലെന്നും മേയർ പറഞ്ഞു.